Actor Innocent Passed Away: 2000 മുതൽ 2018 വരെ; ഇന്നസെന്റ് അമ്മയെ നയിച്ച 18 വർഷങ്ങൾ

മലയാള സിനിമയിലെ താരങ്ങളെ മുഴുവൻ അണിനിരത്തി ട്വന്റി 20 എന്ന സിനിമ ഒരുക്കുന്നതിലെ പ്രതിസന്ധിയും തരണം ചെയ്തത് ഇന്നസെന്റിന്റെ നേതൃപാടവം കൊണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 03:02 PM IST
  • 2000ൽ ആണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റാകുന്നത്.
  • 2018 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു.
  • ഇന്നസെന്റ് അമരത്ത് ഇരുന്ന കാലയളവിൽ അമ്മ സംഘടന ഏറെ വളര്‍ന്നു.
Actor Innocent Passed Away: 2000 മുതൽ 2018 വരെ; ഇന്നസെന്റ് അമ്മയെ നയിച്ച 18 വർഷങ്ങൾ

പ്രതിഭാശാലിയായ ഒരു നടനെ കൂടി മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുകയാണ്. പ്രതിസന്ധി നിറഞ്ഞ സമയങ്ങളിൽ പോലും ചിരിയുടെ പൂരം സൃഷ്ടിച്ച ഇന്നസെന്റ് എന്നാ മഹാപ്രതിഭ വിടപറഞ്ഞിരിക്കുന്നു. പ്രതിഭാശാലിയായ ഒരു നടൻ എന്നതിനൊപ്പം മലയാള സിനിമാ താരങ്ങളെ ഒന്നിച്ച് കൊണ്ടുപോയ ഒരു സംഘടനയുടെ അമരക്കാരനെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്ന്, ആ സംഘടന ഇന്നത്തെ നിലയിലെത്തിച്ചതിൽ വലിയ പങ്കുവഹിച്ചത് ഇന്നസെന്റ് ആണ്. 2000 മുതൽ 2018 വരെ നീണ്ട 18 വർഷക്കാലമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. 

ഈ കാലയളവിൽ നിരവധി വിവാദങ്ങളും വിമർശനങ്ങളും ഉടലെടുത്തെങ്കിലും സംഘടനയെ തകരാതെ പിടിച്ചുനിർത്തിയത് ഇന്നസെന്റിന്റെ അസാമാന്യമായ നേതൃപാടവമായിരുന്നു. ഏറ്റവും കൂടുതൽ കാലം (18 വർഷം) അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തിയും അദ്ദേഹം തന്നെ. 

1994 ല്‍ തിരുവതാംകൂര്‍ കൊച്ചി സംഘത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് അമ്മ എന്ന സംഘടന നിലവില്‍ വന്നത്. അന്ന് അമ്മയുടെ അമരക്കാരൻ എം ജി സോമന്‍ ആയിരുന്നു. വൈസ് പ്രസിഡന്റുമാരായി മമ്മൂട്ടിയും മോഹന്‍ലാലും സെക്രട്ടറിയായി ടി പി മാധവനുമായി ഉണ്ടായിരുന്നത്. ഇന്നസെന്റ് അപ്പോൾ ആ കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. എന്നാൽ പിന്നീട് നടന്‍ മധു പ്രസിഡന്റായി പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ എക്സിക്യുട്ടീവ് മെമ്പർ സ്ഥാനത്ത് ഇന്നസെന്റ് ഉണ്ടായിരുന്നില്ല. മധു പ്രസിഡന്റായിരുന്ന കാലയളവിൽ സുരേഷ് ​ഗോപിയും രാജൻ പി ദേവും ആയിരുന്നു വൈസ് പ്രസിഡന്റുമാര്‍. 

2000ൽ ആണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റാകുന്നത്. 2018 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. ഇന്നസെന്റ് അമരത്ത് ഇരുന്ന കാലയളവിൽ അമ്മ സംഘടന ഏറെ വളര്‍ന്നു. വിദേശത്തും സ്വദേശത്തും നിരവധി സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ച് താരങ്ങളെ കൂടുതല്‍ ജനങ്ങളോട് അടുപ്പിക്കാന്‍ സാധിച്ചു. അമ്മ സംഘടനയുടെ തുടക്കകാലത്ത് 10 പേര്‍ക്ക് മാത്രമായിരുന്നു സംഘടനയുടെ കൈനീട്ടം (1000/-) എന്ന സഹായം ലഭിച്ചിരുന്നത്. എന്നാല്‍ ഇന്നസെന്റ് അമരത്ത് എത്തിയതോടെ ഇത് വിപുലീകരിക്കപ്പെട്ടു. ''കൈനീട്ട പദ്ധതി' ഇന്ന് 127 പേര്‍ക്ക് മാസംതോറും 5000 രൂപ വീതം ജീവിതാവസാനം വരെ നല്‍കുന്നു. 

Also Read: Actor Lal on Innocent Death: 'സ്വർഗം സമ്പന്നമായി!' ഇന്നസെന്റിന്റെ വേർപാടിൽ ലാൽ കുറിച്ചത്

അതിനിടെ മലയാള സിനിമയിലെ താരങ്ങളെ മുഴുവൻ അണിനിരത്തി ട്വന്റി 20 എന്ന സിനിമ ഒരുക്കാൻ ആലോചിച്ചപ്പോൾ തന്നെ ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനെ സംഘടന അതിജീവിച്ചത് ഇന്നസെന്റിന്റെ നേതൃപാടവം കൊണ്ടായിരുന്നു.  ഇന്നസെന്റ് പ്രസിഡന്റ് ആയിരുന്ന കാലയളവിൽ ആയിരുന്നു തിലകനുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അമ്മ സംഘടനയെ ഏറ്റവും പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലൊന്നായിരുന്നു അത്. അന്ന് തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നോട്ട് പോയത് ഇന്നസെന്റ് കാണിച്ച കാര്‍ക്കശ്യം കൊണ്ട് മാത്രമായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായപ്പോൾ ഇന്നസെന്റ് ദിലീപിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അത് പിന്നീട് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ചില നടിമാർ അമ്മയിൽ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം വരെയുണ്ടായി. 

തുടർന്ന് 2018 ലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. മോഹൻലാൽ ആണ് പിന്നീട് സംഘടനയുടെ പ്രസിഡന്റ് ആയത്. മോഹന്‍ലാലിനെ ഈ സ്ഥാനത്തേക്ക് എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും ഇന്നസെന്റ് തന്നെയായിരുന്നു. മലയാളിക്കും മലയാള സിനിമയ്ക്കും നികത്താനാകാത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോ​ഗത്തോടെ ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News