ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അതിരിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബേബിയെം മോളേൽ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വേണേൽ ഒന്ന് ചാടിക്കടക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴിയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
വനാതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്. ആൽവിൻ ഡ്രീം പ്രൊഡക്ഷൻ ടീം നൈൻ പ്രൊഡക്ഷൻ എന്നിവയുടെബാനറിൽ സിസിൽ അജേഷ് നിർമ്മല ബിനുമാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ധ്യാൻ ശ്രീനിവാസനു പുറമേ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൽത്താഫ് എം.എ-അജിത്ത് പി സുരേഷ് എന്നിവർ ചേർന്നാണ് അതിരിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിനോദ് കെ ശരവണൻ ഛായഗ്രഹണവും നിഖിൽ വേണു എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സംഗീതം- കമൽ പ്രശാന്ത്, പശ്ചാത്തല സംഗീതം- സാമുവൽ എബി, അസോസിയേറ്റ് ഡയറക്ടർ- ശ്യാം ശീതൾ, കലാസംവിധാനം- സുബൈർപങ്ങ്, വസ്ത്രാലങ്കാരം- ഇല, ചമയം- ലിബിൻ മോഹൻ, സൗണ്ട് ഡിസൈൻ- ധനുഷ് നയനാർ, പ്രൊഡക്ഷൻ കൺട്രോളർ- റെനിദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അതുൽ കുഡുംബാടൻ, പ്രൊജക്റ്റ് ഡിസൈനർ- അനീഷ് ആലപ്പാട്ട്, സ്റ്റിൽസ്- വിൻസെന്റ് സേവ്യർ, പി ആർ ഒ & മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി.
അതേസമയം ധ്യാൻ ശ്രീനിവാസന്റെ ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന മറ്റൊരു ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. നവാഗതനായ സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു ബുള്ളറ്റ് പ്രേമിയായ യുവാവും അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന പ്രേമിയായ രാജു ജോസഫ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ബുള്ളറ്റ് ഡയറീസ്.
തലൈക്കൂത്തൽ, ഒരു വംശഹത്യ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്തോഷ് മുണ്ടൂർ. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രയാഗ മാർട്ടിനാണ്. ചിത്രം ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് എത്തുന്നത്. ബുള്ളറ്റ് ഡയറീന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സന്തോഷ് മുണ്ടൂര്‍ തന്നെയാണ്.
രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെത്തുന്ന ചിത്രമാണ് ഇതെന്നും സംവിധായകൻ ഇടൈംസിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ഇരുട്ടിയിലെ ഒരു കർഷക കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്.
ഓട്ടോ മെക്കാനിക് ആയ ഒരു യുവാവാണ് ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രമായ രാജു ജോസഫ്. രാജു ജോസഫിന് അവന്റെ ബൈക്കിനോടുള്ള സ്നേഹമാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. റിയലിസ്റ്റിക് ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിതെന്നും സംവിധായകൻ പറഞ്ഞട്ടുണ്ട്. കൂടാതെ ഈ വണ്ടി പ്രേമം രാജുവിന്റെ ബന്ധങ്ങളെയും ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്നും ചിത്രത്തിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...