ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (32) കാറപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച (മെയ് 23) പുലർച്ചെ ഹിമാചൽ പ്രദേശിൽ വച്ചാണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ ബഞ്ചാറിൽ പ്രതിശ്രുത വരൻ ജയ് സുരേഷ് ഗാന്ധിയ്‌ക്കൊപ്പം യാത്ര ചെയ്യവെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. സാരാഭായ് Vs സാരാഭായ് എന്ന ടിവി ഷോയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. ഇതിൽ ജാസ്മിൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഷോയുടെ പ്രൊഡ്യൂസർ ജെ.ഡി മജീതിയയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജയ് സുരേഷിനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈഭവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നടിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ദീപിക പദുക്കോൺ നായികയായ ഛപക്കിൽ വൈഭവി അഭിനയിച്ചിട്ടുണ്ട്. സിഐഡി, അദാലത് എന്നീ സിറ്റ്‌കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.
Also Read: Shahrukh Khan: 60കാരിയായ ക്യാൻസർ രോഗിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്ത് ഷാറൂഖ്; കിംഗ് എന്ന് ആരാധകർ
കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പരസ്യ മോഡലുമായി ആദിത്യ സിങ് രജ്പുത്തിനെ മുംബൈ അന്ധേരിയിലുള്ള ഫ്ലാറ്റിലെ ശുചിമുറയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സുഹൃത്താണ് ആദിത്യ സിങ് മരിച്ച നിലയിൽ ശുചിമുറിയിൽ കിടക്കുന്നത് ആദ്യം കണ്ടത്. സുഹൃത്തും ഫ്ലാറ്റിന്റെ സെക്യൂരിറ്റിയും ചേർന്നാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. അമിതമായ മരുന്നിന്റെ ഉപയോഗമാണ് നടന്റെ മരണകാരണമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പരസ്യ മോഡലായ ആദിത്യ സിങ് ബോളിവുഡിലെ കാസ്റ്റിങ് കോർഡിനേറ്ററും കൂടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിൽ ആദിത്യ പ്രധാന താരമായി എത്തിട്ടുണ്ട്. ഡൽഹി സ്വദേശിയായ ആദിത്യ തന്റെ മോഡലിങ് കരിയറിനായി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ക്രാന്തിവീർ, മെനേ ഗാന്ധി കോ നീം മാരാ എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു ആദിത്യ സിങ്. ഏകദേശം 300ൽ അധികം പരസ്യ ചിത്രങ്ങളിൽ അദിത്യ സിങ് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് റിയാലിറ്റ് ഷോകളായ സ്പ്ലിറ്റ്സ്വില്ല, ബാഡ് ബോയി തുടങ്ങിയവയുടെ ഭാഗമായിരുന്നു ആദിത്യ സിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...