ഗോർ ദി ഗോഡ് ബച്ചർ - ദൈവങ്ങളെ കൊല്ലുന്ന ഭീകരൻ..!

ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ഗോർ ദി ഗോഡ് ബച്ചറിനെ അവതരിപ്പിക്കുന്നത്

Written by - Ajay Sudha Biju | Edited by - Akshaya PM | Last Updated : Apr 26, 2022, 09:12 AM IST
  • ചിത്രത്തിന്റെ റിലീസ് 2022 ജൂലൈ 8നാണ്
  • കോമിക്ക് ബുക്ക് ചരിത്രത്തിലെ വില്ലന്മാരില്‍ ഏറ്റവും ഭീകരനായ വില്ലനാണ് ഗോർ ദി ഗോഡ് ബച്ചർ
  • പട്ടിണിയും ദുരിതങ്ങളും നിറഞ്ഞ ഒരു ഗ്രഹത്തിലാണ് ഗോർ ദി ഗോഡ് ബച്ചർ ജനിക്കുന്നത്
ഗോർ ദി ഗോഡ് ബച്ചർ - ദൈവങ്ങളെ കൊല്ലുന്ന ഭീകരൻ..!

മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ തോറിന്‍റെ നാലാമത്തെ സിനിമയാണ് 'തോര്‍ ലവ് ആന്‍റ് തണ്ടർ'. ക്രിസ് ഹെംസ്വർത്ത് തോറായി എത്തുന്ന ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് ഗോർ ദി ഗോഡ് ബച്ചർ. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ഗോർ ദി ഗോഡ് ബച്ചറിനെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റ്യൻ ബെയ്ലിനെപ്പോലെയുള്ള ഒരു സൂപ്പർ താരം വില്ലനായി എത്തുന്നത് കൊണ്ട് തന്നെ ഈ കഥാപാത്രത്തിന് വേണ്ടി മാർവൽ ആരാധകർ ഒരുപാട് കാത്തിരിക്കുന്നുണ്ട്. മുൻപ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബാറ്റ്മാൻ ട്രയോളജിയിൽ ക്രിസ്റ്റ്യൻ ബെയിൽ കേന്ദ്ര കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിട്ടുണ്ട്. ബാറ്റ്മാനെപ്പോലെ പ്രശസ്തമായ ഒരു കോമിക് ബുക്ക് കഥാപാത്രം അല്ലാത്തത്കൊണ്ട് തന്നെ ഗോർ ദി ഗോഡ് ബച്ചർ എന്ന വില്ലൻ കഥാപാത്രത്തെപ്പറ്റി കൂടുതൽ ചലച്ചിത്രപ്രേമികൾക്കും അറിയില്ല എന്നതാണ് സത്യം. എന്നാൽ കോമിക്ക് ബുക്ക് ചരിത്രത്തിലെ വില്ലന്മാരില്‍ ഏറ്റവും ഭീകരനായ വില്ലനാണ് ഗോർ ദി ഗോഡ് ബച്ചർ. 

കടുത്ത പട്ടിണിയും ദുരിതങ്ങളും നിറഞ്ഞ ഒരു ഗ്രഹത്തിലാണ് ഗോർ ദി ഗോഡ് ബച്ചർ ജനിക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ അന്തരീക്ഷം ആയതിനാൽ ആ ഗ്രഹത്തിലെ എല്ലാ ജനങ്ങളും കടുത്ത ദൈവ വിശ്വാസികൾ ആയിരുന്നു. എന്നെങ്കിലും ദൈവം തങ്ങളുടെ ഈ കഷ്ടപ്പാടുകളിൽ നിന്ന് കരകയറ്റും എന്ന് ആ ജനത വിശ്വസിച്ചു. ഗോറും ഒരു കടുത്ത ദൈവ വിശ്വാസി ആയാണ് ചെറുപ്പത്തിൽ വളർന്നത്. പക്ഷെ ഒരു ദൈവവും അവന്‍റെ പ്രാർത്ഥനകൾക്ക് ചെവി കൊടുത്തിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ ഗോറിന്‍റെ അമ്മയും അച്ഛനും മരിച്ച് പോയി. ശേഷം ആ ദുരിതം പിടിച്ച ഗ്രഹത്തിൽ ഗോർ ആരും കൂട്ടില്ലാതെ ഒറ്റയ്ക്ക് താമസിക്കുവാൻ തുടങ്ങി. എങ്കിലും വർഷങ്ങൾക്ക് ശേഷം അയാൾ ആറ എന്ന സ്തീയുമായി വിവാഹിതനായി. ഇവർക്ക് കുറച്ച് കുട്ടികളും ഉണ്ടായി. സന്തോഷകരമായ ഒരു ജീവിതം തനിക്ക് ഇനിയുള്ള കാലം ഉണ്ടാകുമെന്ന് ഗോർ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഭാര്യയായ ആറ ഗർഭിണിയായിരുന്നപ്പോൾ ഒരു ഭൂകമ്പത്തിൽ മരണപ്പെട്ടു. അയാളുടെ മക്കളിൽ ഭൂരിഭാഗം പേരും പട്ടിണി കിടന്ന് മരിക്കുകയും ചെയ്തു. അവസാനം അഗർ എന്ന ഒരു മകൻ മാത്രം ഗോറിനൊപ്പം ബാക്കിയായി. 

Thor

ഇത്രയും ദുരന്തങ്ങൾ തന്‍റെ ജീവിതത്തിൽ നടന്നിട്ടും ഗോർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്നെങ്കിലും ദൈവം തങ്ങളെ ഒരിക്കലും പട്ടിണി ഉണ്ടാകാത്ത ഒരു വനത്തിലേക്ക് കൊണ്ട് പോകുമെന്ന് ഗോർ മകനോട് ആവർത്തിച്ച് പറഞ്ഞ്കൊണ്ടിരുന്നു. അധികം വൈകാതെ അഗർ എന്ന അവസാനത്തെ മകനും മരിച്ചു. ഇതോടെ ഗോർ ജീവിതത്തിൽ വീണ്ടും ഒറ്റപ്പെട്ടു. പ്രതീക്ഷകൾ നഷ്ടപ്പെട്ട ഗോറിന് ദൈവ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടു. ദൈവങ്ങൾ ആരും തന്നെ ഉണ്ടാകില്ലെന്ന് അവൻ കരുതാൻ തുടങ്ങി. തുടർന്ന് വിശ്വാസികൾ ആയ ആ ഗ്രഹത്തിലെ ജനങ്ങൾ ക്ഷുഭിതരാകുകയും ഗോറിനെ നാട് കടത്തുകയും ചെയ്തു. കുറച്ച് കാലത്തിന് ശേഷം മരിക്കാൻ പ്രാർത്ഥിച്ച്കൊണ്ട് ഒരു മരുഭൂമിയിലൂടെ ഗോർ നടക്കുമ്പോൾ രണ്ട് ദൈവങ്ങൾ തമ്മിലെ യുദ്ധം അയാൾ ആകസ്മികമായി കാണുവാനിടയായി. ഇതിൽ ഒരാൾ നൾ എന്ന ദൈവവും അടുത്തയാൾ സ്വർണ്ണ കവച ധാരിയായ ഒരു ദൈവവും ആയിരുന്നു. 

അതി ഭയങ്കരമായ യുദ്ധത്തിനൊടുവിൽ നൾ എന്ന ദൈവം മരിച്ചു. എന്നാൽ സ്വർണ്ണ കവച ധാരിയായ ദൈവവും ഏതാണ്ട് മരണത്തിനോട് മല്ലടിക്കുന്ന അവസ്ഥയിലായിരുന്നു. ആ ദൈവം ഗോറിനോട് സഹായത്തിനായി അഭ്യർത്ഥിച്ചു. ഇത് കണ്ടപ്പോൾ ദൈവങ്ങൾ ഇല്ലെന്ന തന്‍റെ വിശ്വാസം തെറ്റായിരുന്നു എന്ന് ഗോർ മനസ്സിലാക്കി. പക്ഷെ ദൈവങ്ങൾ ഉണ്ടായിരുന്നിട്ടും തന്‍റെ അച്ഛനും അമ്മയും ഗർഭിണിയായ ഭാര്യയും മക്കളും മരിക്കുമ്പോൾ ആരും തന്നെ രക്ഷയ്ക്ക് എത്താത്തിയില്ല എന്ന സത്യം മനസ്സിലാക്കിയ ഗോർ കോപം കൊണ്ട് ജ്വലിച്ചു. ആ യുദ്ധത്തിൽ മരണപ്പെട്ട നള്ളിന്‍റെ വളരെ ശക്തിയേറിയ ബ്ലാക്ക് ദ നെക്രോസ്വേഡ് എന്ന ആയുധം ഗോർ സ്വന്തമാക്കുകയും സ്വർണ്ണ കവച ധാരിയായ ദൈവത്തെ വധിക്കുകയും ചെയ്തു. പിന്നീട് ദൈവ വിശ്വാസികളായ തന്‍റെ വംശത്തിന്‍റെ രക്ഷയ്ക്ക് വേണ്ടി ഒരിക്കൽ പോലും വരാത്ത ദൈവങ്ങളെ എല്ലാം വകവരുത്തുക എന്നത് ഗോർ തന്‍റെ ജീവിത ലക്ഷ്യമായി സ്വീകരിച്ചു. തുടർന്നാണ് ഗോർ, ഗോർ ദി ഗോഡ് ബച്ചർ അധവാ ദൈവങ്ങളുടെ അന്തകൻ ആയി മാറിയത്. 

GodButcher

ഇത്രയധികം വികാരപരമായ കഥാ പശ്ചാത്തലം ഉള്ള വില്ലൻ ആണ് ഗോർ ദി ഗോഡ് ബച്ചർ. ക്രിസ്റ്റ്യൻ ബെയ്ലിനെപ്പോലുള്ള മികച്ച നടൻ ഈ വേഷം ചെയ്യുമ്പോൾ ഗോറിന്‍റെ കഥയിലെ വൈകാരിക രംഗങ്ങൾ എല്ലാം ആകർഷകം ആകും എന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാൽ കോമിക്സിൽ നിന്ന് സിനിമയിലേക്ക് വരുമ്പോൾ ഗോർ എന്ന വില്ലന് എന്തൊക്കെ മാറ്റങ്ങളാണ് മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സ് കൊണ്ട് വരാൻ പോകുന്നത് എന്ന് കണ്ട് തന്നെ അറിയണം. മാർവലിന്‍റെ എക്കാലത്തെയും വലിയ വില്ലനായ താനോസിനെക്കാൾ ഭീകരനായ ഗോറിനെക്കുറിച്ച് കൂടുതൽ അറിയാൻ എല്ലാ ചലച്ചിത്ര പ്രേമികളും കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News