മലയാളി പ്രേക്ഷകർ ഇന്നും ആകാംക്ഷയോടെ കാണുന്ന ചിത്രങ്ങളിലൊന്നാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. നരംസിംഹ മന്നാഡിയാർ എന്ന കഥാപാത്രമായി മറ്റൊരു താരത്തെയും മനസിൽ ചിന്തിക്കാൻ സാധിക്കാത്ത തരത്തിൽ ആ വേഷം മനോഹരമാക്കിയിരുന്നു മമ്മൂട്ടി. ഒപ്പം ജയറാമും ചിത്രത്തിൽ പ്രധാന കഥാപാത്രമായി. ഗൗതമി ആയിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത്. 1993 ജനുവരി 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് വിക്രം എന്ന നടനെ സിനിമ ലോകം കണ്ട് തുടങ്ങിയതും.
ചിത്രത്തിന്റെ കഥ സംഭാഷണം എന്നിവ എഴുതിയത് എസ്എൻ സ്വാമിയും എ.കെ സാജനും ചേർന്നാണ്. എസ്.എൻ സ്വാമിയാണ് തിരക്കഥയൊരുക്കിയത്. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടിയ ചിത്രമായിരുന്നു ധ്രുവം. നരസിംഹ മന്നാഡിയാറും, ഹൈദർ മരക്കാരും, ജോസ് നരിമാനും ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ്.
എന്നാൽ ഈ സിനിമയുടെ കഥക്ക് ഇന്ന് കാണുന്ന മാസ് പരിവേഷമല്ല ആദ്യം ഉണ്ടായിരുന്നത് എന്നാണ് പറയപ്പെടുന്നത്. സിനിമ പ്രാന്തൻ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ചിത്രത്തിലെ നായക കഥാപാത്രം നരസിംഹ മന്നാഡിയാർ ആയിരുന്നില്ല മറിച്ച് ആരാച്ചാർ കഥാപാത്രത്തിനായിരുന്നു പ്രാധാന്യം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നരസിംഹ മന്നാഡിയാർ എന്നത് ഒന്നോ രണ്ടോ സീനുകളിൽ മാത്രം വരുന്ന ഒരു ചെറിയ കഥാപാത്രമായിരുന്നുവെന്നും ആരാച്ചാറുടെ പോയിന്റ് ഓഫ് വ്യൂയിലൂടെ ഒരു ഗ്രേ ഷെയ്ഡിൽ പോകുന്ന കഥയായിരുന്നു ധ്രുവമെന്നും സിനിമ പ്രാന്തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
സിനിമയുടെ കഥാകൃത്തായ എ.കെ സാജൻ ഇതിന്റെ കഥ ആദ്യം പറയുന്നത് മോഹൻലാലിനോടാണ്. എന്നാൽ ഇതിന്റെ ഗ്രേ ഷെയ്ഡിൽ തൃപ്തനല്ലാത്തത്തിനാൽ മോഹൻലാൽ ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനെ തുടർന്ന് എ.കെ.സാജൻ എസ്.എൻ.സ്വാമിയോട് ഈ കഥപറയുകയും, ഇവർ തമ്മിൽ കഥയെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു. പിന്നീട് സംവിധായകൻ ജോഷി കൂടി ഈ ചർച്ചയിൽ പങ്കാളിയായതോടെ കഥാഗതി തന്നെ മാറി. ഇവരുടെ ചർച്ചകൾക്കൊടുവിൽ നായകസ്ഥാനത്ത് നിന്ന് ആരാച്ചാരുടെ കഥാപാത്രത്തെ മാറ്റുകയും കഥയിൽ ഒരു ചെറിയ വേഷം മാത്രമായിരുന്ന നരസിംഹ മന്നാഡിയാരെ നായക സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. തുടർന്ന് മമ്മൂട്ടിയെ നായകനാക്കി ജോഷി ആ സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അങ്ങനെ ഒരു ആരാച്ചാരുടെ പോയിന്റ് ഓഫ് വ്യൂയിലൂടെ പോകേണ്ടിയിരുന്ന ഗ്രേ ഷെയ്ഡ് കഥയിൽ നിന്നും പ്രേക്ഷകനെ ഇന്നും ആവേശം കൊള്ളിക്കുന്ന മാസ് ആക്ഷൻ മൂവിയായി 'ധ്രുവം' മാറിയെന്നുമാണ് സിനിമ പ്രാന്തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...