സിനിമയിൽ നിന്നും മാറിയതല്ല; അവസരങ്ങൾ കുറഞ്ഞതാണ്, പുതിയ തലമുറക്കൊപ്പമുണ്ട്- മനസ്സ് തുറന്ന് നടൻ പ്രേംകുമാർ

ഒരു യുവതയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ മേള

Written by - Binu Pallimon | Edited by - M Arun | Last Updated : Mar 25, 2022, 11:44 AM IST
  • മലയാളഭാഷയെ ഇഷ്ടപ്പെടുന്നു. കുറെ ലേഖനങ്ങൾ എഴുതി. സമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്
  • സിനിമയിൽ നിന്നും മാറി നിന്നിട്ടില്ല. അവസരങ്ങൾ കുറഞ്ഞു
  • സിനിമ നിർമ്മാണത്തിന്‍റെ കാര്യത്തിൽ ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ട്
സിനിമയിൽ നിന്നും മാറിയതല്ല; അവസരങ്ങൾ കുറഞ്ഞതാണ്, പുതിയ തലമുറക്കൊപ്പമുണ്ട്- മനസ്സ് തുറന്ന് നടൻ പ്രേംകുമാർ

26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരശ്ശീല വീഴുകയാണ്. നിരവധി മികച്ച സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാക്കി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പുകൂടിയാണിത്. പുതിയതും പഴയതുമായ സിനിമാക്കാലങ്ങളെ ഒാർത്തെടുക്കുകയാണ് നടൻ പ്രേം കുമാർ സീ മലയാളം ന്യൂസിനൊപ്പം

ഇത്തവണത്തെ മേളയെക്കുറിച്ച് എന്താണ് അഭിപ്രായം  

ഇത്തവണത്തെ മേള ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഉദ്ഘാടന ചടങ്ങ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 7 ദിവസങ്ങളായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ ഒഴുക്കായിരുന്നു മേളയ്ക്ക്.  ഒരു യുവതയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമായിരുന്നു. സിനിമകൾ പ്രദർശിപ്പിക്കുന്നതിന് പുറമെ നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ആവേശത്തിന്‍റെ കൊടുമുടിയിലാണ് മേള  നടന്നത്. കോവിഡിന്‍റെ ലോക്കുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്‍റെ ലോകത്തേക്കാണ് മേള കടക്കുന്നത്.
ജനങ്ങൾ ഇത് വളരെ ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു.

സിനിമയെ ഗൗരവമായി കാണുന്ന ഒരു പുതിയ തലമുറ വളർന്ന് വരുന്നു. അതിൽ പ്രതീക്ഷയുണ്ടോ?

സിനിമ ആസ്വാദനത്തിന്‍റെ കാര്യത്തിൽ സിനിമ നിർമ്മാണത്തിന്‍റെ കാര്യത്തിൽ ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ട്.  ഒരു തലമുറമാറ്റം ഉണ്ടാകുന്നുണ്ട് സിനിമയിൽ.  പുതിയ തലമുറ എല്ലാം അറിഞ്ഞ് വളരുന്നവരാണ്.  ലോകം മുഴുവൻ അവരുടെ കയ്യിലുളള മൊബൈൽ ഫോണിൽ കാണാനാകും. എല്ലാം പെട്ടെന്ന് അറിയാനുളള സംവിധാനം ഈ മൊബൈൽ ഫോണിലുണ്ടാകും.  അവരുടെ ചിന്തകളിൽ അവരുടെ ആശയങ്ങളിൽ അവരുടെ നിലപാടുകളിൽ എല്ലാം അത് ദർശിക്കാൻ കഴിയും. അവരുടെ ജീവിതം തന്നെ ഒരു പുതിയ കാലഘട്ടത്തിന്‍റെ രീതികളിലേക്ക് മാറിക്കഴിഞ്ഞു. 

ടെക്നോളജിയുടെ മാറ്റം സിനിമയെ എത്രമാത്രം ബാധിച്ചു?

പണ്ടത്തെ ക്യാമറയുടെ ശബ്ദവും ഫിലിമിന്‍റെ വിലയുമൊക്കെ വളരെ വലുതായിരുന്നു. അത് കൊണ്ട് തന്നെ ഈ ഫിലിം ഒട്ടും തന്നെ വേസ്റ്റാക്കാതെ അഭിനയിക്കേണ്ടത് വലിയ ഉത്തരവാദിത്വമായിരുന്നു. ഇന്ന് അതെല്ലാം മാറി. നടീ നടൻമാർക്കും അന്ന് ടെൻഷൻ കൂടുതലായിരുന്നു. സമ്മർദ്ദത്തിലായിരുന്നു എല്ലാവരും അഭിനയിച്ചത്. ഇന്ന് എല്ലാം മാറി. ഗ്രാഫിക്സിന്‍റെ അപാര സാധ്യത  ഉപയോഗപ്പെടുത്താൻ ഇന്ന് കഴിയുന്നു. എന്ത് ആഗ്രഹിച്ചാലും എന്ത് സ്വപ്നം കണ്ടാലും അത് യാഥാർത്ഥ്യമാക്കാൻ ഇന്ന് കഴിയും. 90 കളിൽ സിനിമയിൽ സജീവമാകാൻ കഴിഞ്ഞു. ഇന്ന് പത്രത്തിൽ കാണുന്ന ചെറിയ സംഭവം മതി. അല്ലെങ്കിൽ ചെറിയ വാർത്തകൾ മതി സിനിമയായി മാറാൻ. 

അടൂർഭാസി ബഹദൂർ കാലഘട്ടത്തിൽ നിന്നും ഇന്ന് ജഗതി ശ്രീകുമാർ സുരാജ് വെഞ്ഞാറമൂട് വരെ എത്തി നിൽക്കുമ്പോൾ എല്ലാവരും ഹാസ്യ വേഷങ്ങളിൽ നിന്നും മാറി സീരിയസ് വേഷത്തിലേക്ക് മാറുന്നു അത് എന്ത് കൊണ്ടാണ്?

പ്രേക്ഷകന്‍റെ ആസ്വാദനത്തിൽ വന്ന മാറ്റം വളരെ വലുതാണ്. ജഗതി ശ്രീകുമാറിനെപ്പോലെ ഉളള നടൻ ലോകസിനിമയിലുണ്ടോ എന്ന് സംശയമാണ്. കഥാപാത്രത്തിന്‍റെ സാധ്യതകൾ ഇത്രയും പ്രയോജനപ്പെടുത്തിയ നടൻ വേറെയില്ല. കോടമ്പാക്കത്തൊക്കെ പോയി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

preamkumar

സിനിമയിൽ നിന്നും ബോധപൂർവ്വം മാറി നിന്നിട്ടുണ്ടോ

സിനിമയിൽ നിന്നും മാറി നിന്നിട്ടില്ല. അവസരങ്ങൾ കുറഞ്ഞു. എന്നിരുന്നാലും പുതിയ തലമുറയുടെ സിനിമകളിലുമുണ്ട്. അരവിന്ദന്‍റെ അതിഥികൾ, പട്ടാഭിരാമൻ, പഞ്ചവ‍ർണ്ണതത്ത എന്നീ സിനിമകളിലൊക്കെ നല്ല വേഷങ്ങൾ ചെയ്തു. 

പുതിയ ചിത്രങ്ങളിൽ എല്ലാ കഥാപാത്രങ്ങളും പുതുമുഖങ്ങളാകുന്നതിനെക്കുറിച്ച്?

പ്രമേയ സ്വീകരണത്തിൽ പുതു തലമുറ സ്വീകരിക്കുന്ന വഴിയാകാം അതൊക്കെ എന്നാലും സിനിമ എന്നും നിലനിൽക്കും. പ്രേംനസീറിന്‍റെ കാലത്തിന് ശേഷം സിനിമ ഇല്ലാതാകുമെന്ന് പലരും കരുതി പക്ഷെ അതുണ്ടായില്ല. സിനിമ എന്നും നിലനിൽക്കും

മെഗാസ്റ്റാർ സിനിമകൾക്കു പോലും ഇനിഷ്യൽ കളക്ഷൻ മാത്രമേ ലഭിക്കുന്നുളളൂ. പുതിയ സിനിമകൾ നല്ല സബ്ജക്ടാണെങ്കിൽ സ്വീകരിക്കപ്പെടുന്നുമുണ്ട്. അതിനെക്കുറിച്ച്?

നല്ല ഒരു സിനിമയാണെങ്കിൽ സ്വീകരിക്കാൻ നിരവധി പേരുണ്ട്. നല്ല സിനിമ സംസാരിക്കുന്നത് മനുഷ്യന്‍റെ ഭാഷയാണ്. മനുഷ്യരിൽ സാഹോദര്യത്തിന്‍റെ ഭാവം സൃഷ്ടിക്കാൻ സിനിമകൾക്ക് കഴിയും
ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇന്ന് പത്രത്തിൽ കാണുന്ന ചെറിയ സംഭവം മതി. അല്ലെങ്കിൽ ചെറിയ വാർത്തകൾ മതി സിനിമയായി മാറാൻ.

preamkumar

എഴുത്തിനെക്കുറിച്ച്

ഒരുപാട് വായിക്കും. മലയാളഭാഷയെ ഇഷ്ടപ്പെടുന്നു. കുറെ ലേഖനങ്ങൾ എഴുതി. സമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. സിനിമയിൽ കാണുന്ന പ്രേംകുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരിലായിരിക്കും അറിയപ്പെടുക. അഭിനേതാക്കൾ തെറ്റിദ്ധരിക്കുന്ന വ്യക്തിത്വങ്ങളാണ്.

എന്‍റെ യഥാർത്ഥ സ്വത്വം അറിയണമെങ്കിൽ എഴുത്തിലൂടെ മാത്രമേ കഴിയു. എന്‍റെ അതായത് നടന്‍റെ  ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മറ്റ് കലാകാരൻമാരെ അപേക്ഷിച്ച് കുറവാണ്. നടന് ആകെ ആവിഷ്കരിക്കാൻ കഴിയുന്നത് കിട്ടുന്ന കഥാപാത്രങ്ങളെ മാത്രമാണ്. എഴുത്ത് നൽകുന്ന ആനന്ദം വളരെ വലുതാണ്. ഡി സി ബുക്സ് എന്‍റെ ലേഖനങ്ങൾ പുസ്തകമാക്കി മാറ്റുന്നു. മാനവികതയുടെയും നന്മയുടേയും ഒരു ലോകം അതാണ് സ്വപ്നം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News