അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഇനി ഉത്തരത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഒപ്പം ചിത്രം സെപ്റ്റംബറിൽ ഓണം റിലീസായി തീയേറ്ററുകളിൽ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിവിധ ഭാവങ്ങളിൽ നിൽക്കുന്ന അപർണ ബലമുരളിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എ ആൻഡ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അരുൺ, വരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓരോ ഉത്തരത്തിനും ഒരു ചോദ്യമുണ്ട് എന്ന് ഇംഗ്ലീഷിലും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
രഞ്ജിത് ഉണ്ണി ആണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. രവി ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളിയെ കൂടാതെ ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫിൻ്റെ ശിഷ്യനും "12th മാൻ" എന്ന ചിത്രത്തിന്റെ കോ ഡയറക്ടറുമാണ് സംവിധായകൻ സുധീഷ് രാമചന്ദ്രൻ. പാലക്കാട് ധോണിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. H2O Spell പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ജിതിൻ ഡി കെ ആണ്. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ, വിനോഷ് കൈമൾ, കല - അരുൺ മോഹനൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് - ദീപക് നാരായണൻ, സ്റ്റിൽസ് - ജെഫിൻ ബിജോയ്, ഡിസൈൻ - ജോസ് ഡൊമനിക്. പി ആർ ഒ-എ.എസ്. ദിനേശ്.
ഇനി ഉത്തരത്തിന്റെ സെറ്റിൽ വെച്ചാണ് അപർണ ബാലമുരളി മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരത്തിന് അർഹയായ വാർത്ത വരുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകനായ സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണയ്ക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചത്. ചിത്രത്തിൽ സൂര്യയുടെ ഭാര്യയായ ബൊമ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്ക്കാരം സൂര്യയെയും തേടിയെത്തി. അഞ്ച് ദേശീയ പുരസ്ക്കാരങ്ങളാണ് സുരരൈ പോട്ര് എന്ന ചിത്രത്തിന് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...