പൃഥ്വിരാജ് സുരാജ് വെഞ്ഞാറമ്മൂട് എത്തിയ ചിത്രം ജന ഗണ മന തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിക്കഴിഞ്ഞു. ഈ അവസരത്തിൽ ജന ഗണ മനയുടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കോടതി മുറിയിൽ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങൾക്കൊപ്പം ചിത്രത്തിലെ ചില സീനുകളും ചേർത്തുള്ള ഒരു ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലാണ് സക്സസ് ടീസർ റിലീസ് ചെയ്തിട്ടുള്ളത്. നിരവധി പേർ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തെയും അതിലെ അഭിനേതാക്കളെയും പ്രശംസിച്ച് കൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെയും പൃഥ്വിരാജിന്റെയും അഭിനയത്തെ പ്രേക്ഷകർ വളരെയധികം പ്രശംസിക്കുന്നുണ്ട്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന.
അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 20 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന കണക്കാണിത്. ആഗോള തലത്തിലുള്ള കളക്ഷനാണിത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേരളത്തില്‍ നിന്ന് മാത്രം 5.15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും മികച്ച രീതിയിൽ ബുക്കിംഗ് നേടുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. റിന്നി ദിവാകര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. മംമ്ത മോഹൻ, വിന്‍സി അലോഷ്യസ്, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്. അതേസമയം നെറ്റ്ഫ്ലിക്സാണ് ജന ഗണ മനയുടെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...