Kgf Vs Beast: കൊമ്പന്മാർ തമ്മിലെ പോരാട്ടത്തിൽ ജയം ആരുടെ കൂടെ..?

ഏപ്രിൽ 13-നാണ് വിജയ് നായകനായി അഭിനയിക്കുന്ന ബീസ്റ്റ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 03:55 PM IST
  • ഏപ്രിൽ 13-നാണ് വിജയ് നായകനായി അഭിനയിക്കുന്ന ബീസ്റ്റ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്
  • കെ.ജി.എഫിന്റെ ആദ്യഭാഗം ഇന്ത്യ മുഴുവൻ വൻ തരംഗം സൃഷ്ടിച്ചിരുന്നു
  • പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്
Kgf Vs Beast: കൊമ്പന്മാർ തമ്മിലെ പോരാട്ടത്തിൽ ജയം ആരുടെ കൂടെ..?

തെന്നിന്ത്യൻ സിനിമാ ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ ഒരു ബോക്സ് ഓഫീസ് യുദ്ധത്തിനാണ് വരുന്ന ആഴ്ച്ച സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2018 ഡിസംബറിൽ ഇന്ത്യ മുഴുവൻ തരംഗം ആയി മാറിയ കെ.ജി.എഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും, വിജയിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ബീസ്റ്റും വെറും ഒരു ദിവസത്തെ വ്യത്യാസത്തിൽ പുറത്തിറങ്ങുകയാണ്. രണ്ട് സിനിമകളും ആരാധകർ കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രങ്ങളാണ്. 

ഏപ്രിൽ 13-നാണ് വിജയ് നായകനായി അഭിനയിക്കുന്ന ബീസ്റ്റ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ള നടനാണ് വിജയ്. അദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങുന്ന ദിവസം തെന്നിന്ത്യയിലെ എല്ലാ തീയറ്ററുകളും ഉത്സവ മയം ആകാറുണ്ട്. കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ പുറത്തിറങ്ങിയ വിജയ് ചിത്രമായ മാസ്റ്റർ പോലും റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. 

മാത്രമല്ല ഡോക്ടർ, കോലമാവ് കോകില തുടങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബീസ്റ്റ് എന്നതും ചിത്രത്തിന്റെ പ്രതീക്ഷകൾ ഇരട്ടിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ട് യൂട്യൂബിലെ എല്ലാ റെക്കോഡും തകർത്ത് മുന്നേറുകയാണ്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാൾ ഒരുകൂട്ടം തീവ്രവാദികൾ ചേർന്ന് ഹൈജാക്ക് ചെയ്യുന്നതും, അതിനകത്ത് അവിചാരിതമായി അകപ്പെട്ട സൈനികനായ വിജയുടെ കഥാപാത്രം എല്ലാപേരെയും രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ബീസ്റ്റിന്റെ പ്രമേയം. തമിഴ് സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ഈ വിജയ് ചിത്രത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

 

ബീസ്റ്റിനോട് ബോക്സ് ഓഫീസിൽ ഏറ്റ് മുട്ടാൻ തയ്യാറെടുക്കുന്നത് മറ്റൊരു ഭീമൻ ചിത്രമാണ്. എപ്രിൽ 14 ന് പുറത്തിറങ്ങുന്ന "കെ.ജി.എഫ് ചാപ്റ്റർ 2". 2018 ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ ആദ്യഭാഗം ഇന്ത്യ മുഴുവൻ വൻ തരംഗം സൃഷ്ടിച്ചിരുന്നു. വളരെ വ്യത്യസ്തമായ ശൈലിയിൽ കഥ പറഞ്ഞ് പോകുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രമായിരുന്നു, കെ.ജി.എഫ്. ഒന്നും ഇല്ലായ്മയിൽ നിന്ന് വന്ന് കെ.ജി.എഫ് എന്ന സ്വർണ്ണ ഖനിയിലെ അടിമകളുടെ രക്ഷകനായി വന്ന റോക്കി ഭായിയുടെ മുന്നോട്ടുള്ള ജീവിതവും, കെ.ജി.എഫ് പിടിച്ചടക്കാൻ വരുന്ന അധീര എന്ന കൊടൂര വില്ലനും പ്രേക്ഷകരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ കൂട്ടുന്നു.

ആദ്യ ഭാഗത്ത് റോക്കിയായുള്ള യാഷിന്റെ പ്രത്യേക മാനറിസവും ഡയലോഗ് ഡെലിവെറിയും എല്ലാം പ്രേക്ഷകർക്ക് രോമാഞ്ചം ഉണ്ടാക്കിയിരുന്നു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അധീര എന്ന ക്രൂരനായ വില്ലനായുള്ള സഞ്ചയ് ദത്തിന്റെ പ്രകടനം കാണാനാണ് കൂടുതൽ പേരും കാത്തിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി സസ്പെൻസുകൾ പുറത്ത് വരുന്നതിന് മുന്പ് രണ്ടാം ഭാഗം കാണാൻ കാത്തിരിക്കുകയാണ് ഭൂരിഭാഗം പ്രേക്ഷകരും. 

ഒരു ഭാഗത്ത് കെ.ജി.എഫ് ചാപ്റ്റർ 2 പോലെ ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ഭീമൻ ചിത്രവും മറ്റൊരു ഭാഗത്ത് ദളപതി വിജയ് എന്ന ബ്രാന്റിന്റെ ബലത്തിൽ മാത്രം പിടിച്ച് നിൽക്കുന്ന ബീസ്റ്റും ബോക്സ് ഓഫീസ് പോരിന് ഇറങ്ങുമ്പോൾ വിജയം ആരോടൊപ്പമെന്ന് പ്രവചിക്കുക അസാധ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News