പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി 60ഓളം ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകൾ ഒരുക്കിയത് ബീയാർ പ്രസാദ് ആയിരുന്നു. മലയാള ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകരിൽ ഒരാൾ കൂടിയായിരുന്നു പ്രസാദ്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് പ്രസാദ്.
1961ലാണ് ബീയാര്‍ പ്രസാദിന്‍റെ ജനനം. മലയാള സാഹിത്യത്തിലാണ് പ്രസാദ് ബിരുദമെടുത്തത്. ബി രാജേന്ദ്ര പ്രസാദ് എന്നാണ്യഥാർത്ഥം പേര്. 1993 ല്‍ ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രമാണിത്. എട്ട് പ്രൊഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളും പ്രസാദ് എഴുതിയിട്ടുണ്ട്. നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. 2003ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് ഗാനരചയിതാവാകുന്നത്. ചിത്രത്തിലെ ‘ഒന്നാംകിളി പൊന്നാൺകിളി... ’ തുടങ്ങി എല്ലാ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. വിദ്യാ സാഗർ ആയിരുന്നു സംഗീത സംവിധായകൻ.
Also Read: Tamil Cinema: ലോകേഷ് ചിത്രത്തിൽ ജയം രവി? പ്രതീക്ഷയിൽ ആരാധകർ, ഇരുവരുടേയും ചിത്രം വൈറലാകുന്നു
ജലോത്സവം എന്ന ചിത്രത്തിലെ ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, വെട്ടത്തിലെ ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ഗാനങ്ങൾ. 30ലേറെ സിനിമകളിലായി 200ഓളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ജി ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ഥാടനത്തില്‍ അഭിനയിച്ചിട്ടുണ്ട്. നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ബീയാര്‍ പ്രസാദ് അവതരിപ്പിച്ചത്. ഭാര്യ: സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.
ബീയാര്‍ പ്രസാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
''കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാര്‍ പ്രസാദിന്‍റെ വിയോഗം നമ്മുടെ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി'' മുഖ്യമന്ത്രി അനുശോചന സന്ദേശനത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...