രാജ്യമാകെ ചർച്ച ചെയ്ത ക്രിസ്മസ് റിലീസുകളായിരുന്നു കിംഗ് ഖാൻ നായകനായ ഡങ്കിയും പ്രഭാസ് നായകനായ സലാറും. രണ്ട് വമ്പൻ ഹിറ്റുകൾക്ക് പിന്നാലെ എത്തുന്ന ഷാറൂഖ് ഖാൻ ചിത്രമെന്ന ഹൈപ്പോടെയാണ് ഡങ്കി എത്തിയത്. മറുഭാഗത്താകട്ടെ, കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് നീലും റിബൽ സ്റ്റാർ പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ് സലാർ എത്തിയത്.
രാജ്യവ്യാപകമായി സലാറും ഡങ്കിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരളത്തിൽ മാത്രം സ്ഥിതി വ്യത്യസ്തമാകുകയാണ്. അതിന് കാരണക്കാരൻ ഒരേ ഒരാൾ മാത്രമാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. കഴിഞ്ഞ ഏതാനും വർഷത്തോളമായി തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്ന മോഹൻലാലിന്റെ തിരിച്ചുവരവിനായി കേരളക്കര ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ആ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ജീത്തു ജോസഫ് - മോഹൻലാൽ കോംബോ ഒന്നിച്ച നേര് എന്ന ചിത്രം.
ALSO READ: തമിഴ് ഹാസ്യനടൻ ബോണ്ട മണി അന്തരിച്ചു
ബോക്‌സ് ഓഫീസിൽ വലിയ തിരിച്ചടികൾ നേരിട്ടിരുന്ന മോഹൻലാലിന് പുതുവർഷത്തിന് മുമ്പ് തന്നെ പുത്തൻ ഉണർവ് നൽകിയ ചിത്രമായി നേര് മാറിയിരിക്കുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരിന് മികച്ച മൗത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനായത്. 'L' ബ്രാൻഡിന് മുന്നിൽ സലാർ പകച്ചു നിൽക്കുകയാണ് എന്ന് തന്നെ പറയാം.
പ്രഭാസിനൊപ്പം പൃഥ്വിരാജ് കൂടി പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സലാറിനുണ്ടായിരുന്നു. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം സലാർ 3.55 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തിൽ ഇത് 1.75 കോടിയായി കുറഞ്ഞു. അതായത് 50 ശതമാനത്തോളം കുറവ്. അതേസമയം, റിലീസ് ദിനത്തിൽ നേടിയതിനേക്കാൾ കൂടുതൽ കളക്ഷനാണ് നേര് മൂന്നാം ദിനത്തിൽ നേടിയിരിക്കുന്നത്.
റിലീസ് ദിനത്തിൽ 3.04 കോടി രൂപയാണ് നേര് നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 2.13 കോടി രൂപ നേടി. ശനിയാഴ്ച 3.12 കോടി രൂപ നേടി നേര് കുതിപ്പ് തുടരുകയാണ്. വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ കുതിച്ചുയരുമെന്ന് തന്നെയാണ് ട്രെൻഡ് വ്യക്തമാക്കുന്നത്. അതായത്, നേരിന്റെ റിലീസ് മറ്റൊരു സമയത്തായിരുന്നെങ്കിൽ സലാറിന് ഇതിലും വലിയ കുതിപ്പ് കേരളത്തിൽ സാധ്യമാകുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.