ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦'.
പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തില്‍ എത്തുന്നത്. ‘ഒപ്പം’ എന്ന ചിത്രത്തിന്‍റെ വിജയത്തിനു ശേഷം പ്രിയദര്‍ശനും മോഹന്‍ ലാലും ഒന്നിക്കുന്ന ചിത്രമാണ് മരക്കാര്‍.
മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്.
എന്നാല്‍ ചിത്രത്തെ സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്തയാണ് എപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. അതായത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമെന്ന റെക്കോര്‍ഡ് ഈ ചിത്രം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦' പ്രദര്‍ശനത്തിനെത്തുന്നത് അമ്പതിലേറെ രാജ്യങ്ങളിലെന്നാണ് റിപ്പോര്‍ട്ട്!!
മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ 44 രാജ്യങ്ങളില്‍ റിലീസിനെത്തിയായിരുന്നു. ഈ റെക്കോര്‍ഡ് ആണ് മരയ്ക്കാര്‍ തകര്‍ക്കാന്‍ പോകുന്നത്. മോഹന്‍ലാലിന്‍റെ 'ഒടിയന്‍' മുപ്പതിലധികം രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.
നൂറു കോടി രൂപയ്ക്കു മേല്‍ ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, കോണ്ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി. കുരുവിള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അടുത്തവര്‍ഷം മാര്‍ച്ച് 19ന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തു൦.