കൊച്ചി : നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന പടവെട്ട് സിനിമയുടെ ടീസർ പുറത്ത് വിട്ടു. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. മണ്ണും വികസനവും രാഷ്ട്രീയവും എന്നീ വിഷയങ്ങൾ എല്ലാ കൂടി ചേരുന്ന ചിത്രമെന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. നേരത്തെ സെപ്റ്റംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ ബാക്കി നിൽക്കവെയാണ് നിവിൻ പോളി ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിവിൻ പോളിക്കും മഞ്ജു വാര്യർക്കും പുറമെ അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്, ഇന്ദ്രന്‍സ്, വിജയരാഘവന്, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന് പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ മാലൂരിനെ ടീസറിൽ പ്രത്യേകം എടുത്ത് കാണിക്കുന്നുണ്ട്.
ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് - മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ - ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് - പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ - ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് - ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് - രഞ്ജിനി അച്യുതൻ, സ്റ്റിൽസ് - ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് - ഓൾഡ് മങ്ക്സ്, പി ആർ ഒ - ആതിര ദിൽജിത്.
പടവെട്ടും മീ ടൂവും
അതിനിടെ ചിത്രത്തിന്റെ സംവിധായകനെതിരെ ഉയർന്ന മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിനിമയിൽ നിന്നും ലിജു കൃഷ്ണയുടെ പേര് ഒഴിവാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ലിജു കൃഷ്ണയ്ക്ക് പുറമെ പടവെട്ടിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെയും മീ ടൂ ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് ചിത്രത്തിനെതിരെ സിനിമയിലെ വനിതാ സംഘടന രംഗത്തെത്തിയത്. പീഡനത്തിന് ശേഷം ഇരയായ പെൺകുട്ടി പോസ്റ്റ് ട്രോമ ചികിത്സയിൽ തുടരുന്നതിനിടെ പുറത്ത് വന്ന അഭിമുഖത്തിന് ശേഷമാണ് വിഷയത്തിൽ ഡബ്ല്യുസിസിയുടെ ഇടപെടൽ.
അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്. പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത സിനിമ യൂണിറ്റായിരുന്നു അതെന്നും പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചുവെന്നും വുമൺ ഇൻ സിനിമ കളക്ടീവ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യുസിസി തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.