തിരുവനന്തപുരം: സിനിമ മേഖലക്ക് അത്ര കളർഫുൾ എന്ന് പറയാൻ പറ്റുന്ന ഓണമല്ല ഇത്തവണത്തേത്. വമ്പൻ ഹൈപ്പൻ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പലതും ഇത്തവണ ഓണത്തിനുണ്ടാവില്ലെന്നാണ് സൂചന. പൃഥിരാജ് ചിത്രം ഗോൾഡ് റിലീസ് ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. ചതുരം, വിശുദ്ധ മേജോ തുടങ്ങിയ ചിത്രങ്ങളും റിലീസിന് ഉണ്ടാവില്ലെന്നാണ് സൂചന.
ഇതൊക്കെയാണെങ്കിലും കുറച്ച് നല്ല സിനിമകൾ ഇത്തവണ എത്തുന്നുണ്ട്. ഇതിൽ ആദ്യത്തേത് വെള്ളിയാഴ്ച റിലീസ് ചെയ്ത പാൽത്തു ജാൻവർ ആണ്. ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന പാൽത്തു ജാൻവർ സംവിധാനം ചെയ്യുന്നത് സംഗീത് ആർ രാജനാണ്.തീയ്യേറ്ററുകളിൽ മികച്ച പ്രതികരണ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീഷ് പോത്തൻറെ ഭാവന സ്റ്റുഡിയോസ് ആണ്.
ഗോൾഡ് മാറ്റി പക്ഷെ സെപ്റ്റംബറിൽ തന്നെ
ഓണത്തിന് എത്തുമെന്ന് കരുതിയ ഗോൾഡ് ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിയിട്ടുണ്ട്. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥിരാജ്, നയൻതാര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, പൃഥിരാജ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ട്
വിനയൻ സംവിധാനം ചെയ്ത് സിജു വിൽസൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിൻറെ ട്രെയിലർ ഒരു കോടിയിലധികം പേരാണ് യൂ ടൂബിൽ കണ്ടത്. കന്നട താരം കായാട് ലോഹർ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
ഒരു തെക്കൻ തല്ല് കേസ്
തിരുവോണനാളിൽ തന്നെ റിലീസിനെത്തുന്ന ചിത്രങ്ങളിലൊന്നാണ് ഒരു തെക്കൻ തല്ല് കേസ്. ജിആർ ഇന്ദുഗോപൻറെ കഥയിൽ എൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആധാരമായ കഥ ഇന്ദു ഗോപൻറെ തന്നെ അമ്മിണിപിള്ള വെട്ടുകേസാണ്. ബിജുമേനോൻ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...