ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ചുപ്പും ശിവ കാർത്തികേയൻ ചിത്രം പ്രിൻസും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തു. ചുപ്പിന്റെ ഡിജിറ്റൽ അവകാശങ്ങൾ സീ 5 ഉം, പ്രിൻസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമാണ് സ്വന്തമാക്കിയത്. സെപ്റ്റംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ചുപ്പ്. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ സാധിച്ചിരുന്നു. ഒക്ടോബർ 21 ന് റിലീസ് ചെയ്ത ചിത്രമാണ് പ്രിൻസ്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്.
ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചുപ്. സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്‍റെ കഥയാണ് ചുപ്പ് പറയുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം പുറത്തിറങ്ങുന്ന ദുല്‍ഖർ സല്‍മാന്‍റെ 'എ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് ചുപ്പ്. ഒരുപാട് നാളുകൾക്ക് ശേഷം സണ്ണി ഡിയോൾ ഒരു പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് സവിശേഷകതകളുമായി ആയിരുന്നു ചുപ്പ് തീയേറ്ററുകളിൽ എത്തിയത്. അഡൾട്സ് ഒൺലി ചിത്രമായതിനാൽ ചിത്രത്തിലെ കൊലപാതകങ്ങൾ വളരെയധികം ക്രൂരവും പൈശാചികവുമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ALSO READ: Chup OTT Release : ദുൽഖർ സൽമാന്റെ ചുപ് ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
കണ്ടിരിക്കുന്ന പ്രേക്ഷകരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തിൽ വളരെയധികം വയലന്‍റ് സീനുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാ പഞ്ചാത്തലത്തിന് യോജിക്കുന്ന തരത്തിൽ ഒരു ഡാർക്ക് ടോണിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആ അവതരണത്തിന് യോജിക്കുന്ന വിധത്തിൽ നല്ലൊരു പ്രണയ കഥയും ചിത്രത്തിൽ പറഞ്ഞ് പോകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട സിനിമയായതിനാൽത്തന്നെ ചില പഴയ ഗൃഹാതുരത്വം ഉണർത്തുന്ന ഹിന്ദി പാട്ടുകൾ ചുപ്പിൽ പല ഭാഗങ്ങളിലായി കേൾപ്പിക്കുന്നുണ്ട്. അത് ഒരു പ്രത്യേക ഫീൽ സിനിമയ്ക്ക് നൽകുന്നുണ്ട്.
ചില സ്ഥലങ്ങളില്‍ ബിജിഎമ്മിനൊപ്പം ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും ചിത്രത്തിന് ഒരു പ്രത്യേക ഭംഗി പകരുന്നുണ്ട്. പ്രേക്ഷകരെ പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ആ ബിജിഎമ്മുകളും നിശബ്ദതയും വഹിച്ച പങ്ക് വളരെ വലുതാണ്. ഒട്ടും ലാഗ് തോന്നിക്കാതെ വളരെയധികം ഡീറ്റൈൽഡ് ആയി കഥ പറഞ്ഞ് പോകുന്ന ചിത്രം ക്ലൈമാക്സിലേക്ക് എത്തിയപ്പോൾ പെട്ടെന്ന് എല്ലാം ഓടിച്ച് പറഞ്ഞ് അവസാനിപ്പിച്ചത് പോലെ അനുഭവപ്പെട്ടുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
പ്രിൻസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അനുദീപ് കെ.വി ആണ്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലാണ് ചിത്രം എത്തിയത്. ചിത്രമായ പ്രിൻസിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജി കെ വിഷ്‍ണു ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തിയത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമയുടെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങളും വമ്പൻ തുകയ്ക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...