ഓണം റിലീസുകളിൽ മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു വിൽസൻ അവതരിപ്പിച്ചിരിക്കുന്നത്. സിജുവിന്റെ കരിയറിൽ തന്നെ ഏറ്റവും സുപ്രധാനമായ വഴിതിരിവാകും ഈ ചിത്രമെന്നും മലയാള സിനിമയ്ക്ക് ഒരു സൂപ്പർസ്റ്റാറിനെ ഞാൻ തരികയാണെന്നും ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സംവിധായകൻ വിനയൻ പറഞ്ഞിരുന്നു. 12 വർഷത്തെ തന്റെ സിനിമ ജീവിതവും ആറാട്ടുപുഴ വേലായുധ പണിക്കരെക്കുറിച്ചും സിജു തുറന്ന് പറയുകയാണ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിജു പ്രതീക്ഷകൾ പങ്കുവെച്ചത്.
● മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായി കരിയർ തുടങ്ങി ഇപ്പോൾ ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 12 വർഷം സംഭവിച്ചത് ഭാഗ്യമാണോ കഠിന പ്രയത്‌നമാണോ?
ഭാഗ്യത്തെക്കാൾ കൂടുതൽ നമ്മുടെ ആഗ്രഹം നമ്മളെ മുന്നോട്ട് നയിക്കുകയും കൊണ്ടെത്തിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരുപാട് ആഗ്രഹിച്ചപ്പോൾ അതിന് വഴി തുറന്നു എന്നതാണ് സത്യം. അതിനെ ഭാഗ്യം എന്ന് പറയണമോ എന്നറിയില്ല. സിനിമയിലേക്ക് എത്തിപ്പെട്ടത് തന്നെ അങ്ങനെയാണ്. ഡിഗ്രി ഒക്കെ ചെയ്ത് കറങ്ങി തിരിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്. ആദ്യത്തെ സിനിമയിൽ തന്നെ രണ്ട് ഡയലോഗും കിട്ടി. സ്‌ക്രീൻ പ്രസൻസ് മാത്രമേ ഞാൻ അപ്പോൾ ആഗ്രഹിച്ചിരുന്നുള്ളൂ. ആ ഡയലോഗ് പറഞ്ഞു. അതിന് ക്ലാപ്സ് കിട്ടി. അത് ഹിറ്റായി. അതെല്ലാം മുന്നോട്ട് പോകാനുള്ള എനർജി തന്നു. അങ്ങനെ ശ്രമിച്ച് കഴിഞ്ഞാൽ നടക്കുമെന്ന തോന്നൽ വന്നു. അങ്ങനെ ഓരോ ശ്രമങ്ങൾ നടത്തി നടത്തിയാണ് ഇപ്പോൾ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന റിയൽ ലൈഫ് ക്യാരക്ടർ എത്തിയത്.
● സിജുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ? ടെൻഷനുണ്ടോ?
അങ്ങനെ ടെൻഷനും പേടിയുമില്ല. ചെയ്യാനുള്ളതെല്ലാം ചെയ്തു. അഭിനയിക്കുന്ന സമയത്തും ടെൻഷനില്ലായിരുന്നു. വിനയൻ സർ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരുന്നു. കിട്ടിയ അവസരം ഞാൻ മാക്സിമം നന്നാക്കാൻ ശ്രമിച്ചു. ഇങ്ങനെയൊരു സിനിമ ഞാൻ ആഗ്രഹിച്ചിരുന്നു. അത് കറക്റ്റ് സമയത്ത് എനിക്ക് കിട്ടി. ഇതുവരെ ആരും പറയാത്ത കഥ തിരശീലയിൽ അവതരിപ്പിക്കാൻ അവസരം കിട്ടി. അത് ഞാൻ ഭാഗ്യമായി കരുതും. ഈ കഥാപാത്രം പലരിലേക്കും എത്തിയാണ് ഒടുവിൽ എന്നെ തേടിയെത്തിയത്. എന്നെപോലെ ഒരു താരമൂല്യം ഇല്ലാത്ത നടനെവെച്ച് ചെയ്യുമ്പോൾ അതിന്റെ പ്രശ്നങ്ങളും ഉണ്ടായി കാണണം സാറിന്റെ മനസ്സിൽ. സർ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അങ്ങനെയാവാം ഇത് എനിക്ക് തന്നെ കിട്ടിയത്.
● എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തു എന്ന് വിനയൻ സാറിനോട് ചോദിച്ചിരുന്നോ?
ഞാൻ ഇത് തുടക്കത്തിൽ ഒന്നും ചോദിച്ചില്ല. എനിക്ക് സിനിമയുടെ എക്സൈറ്റ്‌മെന്റ്റ് മാത്രമായിരുന്നു. എന്തുകൊണ്ട് ചൂസ് ചെയ്തെങ്കിൽ അത് പ്രൂവ് ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ. ഷൂട്ട് ഏകദേശം പകുതി ആയപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ സാർ എന്നോട് പറഞ്ഞത് ഞാൻ കഥ പറഞ്ഞപ്പോൾ ധൈര്യത്തോടെ നി അത് ചെയ്യാമെന്ന് പറഞ്ഞു.. ഒരു ടെൻഷനും നിനക്ക് ഇല്ലായിരുന്നു. അതാണ് കാരണമെന്ന് പറഞ്ഞു. സിനിമയുടെ ഓരോ കാര്യങ്ങൾ പുറത്ത് വരുമ്പോഴും വളരെയധികം നല്ല റെസ്പോൻസ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ട്. അതെല്ലാം ഇപ്പോൾ സന്തോഷം നൽകുന്ന കാര്യമാണ്. കഥ പറഞ്ഞപ്പോൾ തന്നെ എന്നോട് കളരി പഠിക്കണമെന്നും കുതിരയോട്ടം പഠിക്കണമെന്നും പറഞ്ഞപ്പോൾ ആദ്യം മുതൽ തന്നെ ഇതെല്ലാം ചെയ്യാൻ ഞാൻ റെഡിയായിരുന്നു. എന്നെ ഷർട്ട് ഊരിച്ചിട്ട് നോക്കിയപ്പോൾ എന്റെ മനസ്സിൽ എന്റെ ബോഡി സെറ്റ് ആണ് എന്നായിരുന്നു. സർ കണ്ടപ്പോൾ തന്നെ പറഞ്ഞത് ഇതെല്ലാം മാറ്റണം ശെരിയാക്കണം എന്നായിരുന്നു.
● ട്രെയ്‌ലർ കണ്ടപ്പോൾ പ്രേക്ഷകരെ പോലെ സിജുവും ഞെട്ടിയോ?
ഇല്ല. സർ പറഞ്ഞപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു. ശ്രീ ഗോകുലം മൂവീസ് പോലെയൊരു ബാനർ വരുമ്പോൾ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാമല്ലോ. അതുകൊണ്ട് തന്നെ സെറ്റ് വർക്ക് കണ്ടപ്പോൾ ഭയങ്കര രസകരമായി തോന്നി. അജയൻ ചാലിശ്ശേരി എന്ന ആർട്ട് ഡയറക്ടർ ചെയ്തിരിക്കുന്ന വർക്ക് ഗംഭീരമാണ്. സിനിമ കണ്ട് ഇറങ്ങി കഴിയുമ്പോൾ ഒരുപാട് പ്രശംസ കിട്ടും. കോവിഡ് സമയത്തായിരുന്നു ഷൂട്ടിംഗ്. ഒരുപാട് പേരുടെ ഹാർഡ് വർക്കുണ്ട്. സെറ്റ് വർക്കിന് തന്നെ ദിവസവും 150 പേരോളം ജോലി ചെയ്യുന്നുണ്ട്. വേലായുധ പണിക്കർക്ക് തുറമുഖം ഉണ്ടായിരുന്നു. സ്പൈസസ് കച്ചവടം ചെയ്തിരുന്നു. മലമ്പുഴ ഡാമിലായിരുന്നു സെറ്റ്. മഴ കാരണം ഷൂട്ടിംഗ് 2 ദിവസം വൈകിയപ്പോൾ ചെറിയ ഗ്യാപ്പ് കിട്ടി. ആ സമയത്ത് സെറ്റ് കാണാൻ ഞാൻ ചെന്നപ്പോൾ കാണുന്ന കാഴ്ച എന്തെന്ന് വെച്ചാൽ ഒരു വലിയ ഷിപ്പ് മൂവ്മെന്റ് കിട്ടാൻ വേണ്ടി ഒരുപാട് ആളുകൾ നിന്ന് കഷ്ടപ്പെട്ട് പണിയെടുക്കുന്ന കാഴ്ചയാണ്. സെറ്റ് വർക്ക്, മേക്കപ്പ്, ഡ്രസ് തുടങ്ങി നിരവധി ടീമുകൾ. അത് സാധ്യമായത് വിനയൻ സാറിനെപോലെ ഒരു സംവിധായകനും ഗോകുലം ഗോപാലനെ പോലെയൊരു നിർമാതാവും ഉള്ളതുകൊണ്ട് മാത്രമാണ്.
● സിനിമ പരാജയപ്പെട്ടാൽ പഴി കേൾക്കേണ്ടി വരുന്നത് വിനയനും സിജുവുമാണ്. അത് ഒരു അംശം പോലും ബാധിക്കുന്നില്ലേ?
ഇല്ല. നമ്മൾ ചെയ്യാനുള്ള കാര്യം ചെയ്തു എന്ന വിശ്വാസമുണ്ട്. എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഒരു കള്ളപ്പണിയും കാണിക്കാതെ ചെയ്തിട്ടുണ്ട്. അത് മലയാളികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ട്. എങ്ങനെയാണ് വരുന്നതെന്ന് നോക്കാം. നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. എന്ത് തന്നെ ആയാലും പഠിക്കാൻ ഒരുപാട് ഉണ്ട്. എനിക്ക് ഇവിടെ നിലനിന്നേ പറ്റൂ. എനിക്ക് വേറെ പണിയൊന്നും അറിയില്ല. ഞാൻ അഭിനയിക്കാൻ ആയിട്ടാണ് വന്നത്. അഭിനയിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇവിടെ നിലനിന്നേ പറ്റൂ. വിജയം ആയാലും പരാജയം ആയാലും ഒരുപാട് നാൾ അത് കൊണ്ട് നടക്കാൻ കഴിയില്ല. അതിൽ കൂടുതൽ ഞാൻ നോക്കാറില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...