സ്ത്രീ, ബാല എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അമർ കൗഷിക്കിന്‍റെ സംവിധാനത്തിൽ വരുൺ ധവാൻ, ക്രിതി സനോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തീയറ്ററുകളിലെത്തിയ ചിത്രമാണ് ഭേടിയ. സ്ത്രീക്ക് സമാനമായി ഒരു അമർ ചിത്രകഥയുടെ ശൈലിയിൽ അവതരിപ്പിച്ച ഹൊറർ കോമഡി ചിത്രം തന്നെയാണ് ഭേടിയയും. അരുണാചൽ പ്രദേശിൽ നിലനിൽക്കുന്ന ഒരു മിത്തിക്കൽ സ്റ്റോറിയാണ് ഈ ചിത്രത്തിന്‍റെ ബേസിക് പ്ലോട്ട്. അരുണാചൽ പ്രദേശിൽ ഒരു ഹൈവേ നിർമ്മാണത്തിന് വേണ്ടി ആദിവാസികളുടെ പക്കൽ നിന്നും സ്ഥലം ഏറ്റെടുക്കാൻ വരുന്ന ഒരു ഏജന്‍റാണ് വരുൺ ധവാന്‍റെ ഭാസ്കർ ശർമ എന്ന കഥാപാത്രം.
ഇയാളെ ഒരു ചെന്നായ കടിച്ചതിനെത്തുടർന്ന് ഭാസ്കറിന് അമാനുഷികമായ പല ശക്തികളും ലഭിക്കുന്നു. ചിലപ്പോൾ ഇയാൾ ഒരു ചെന്നായ ആയി രൂപം മാറുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ആ കഥാപാത്രത്തിന് കടന്ന് പോകേണ്ടി വന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം. ഒരേ സമയം 3ഡിയിലും 2ഡിയിലും ചിത്രം തീയറ്ററുകളിലെത്തിയിട്ടുണ്ട്. ഭേടിയയിൽ എടുത്ത് പറയേണ്ട ഏറ്റവും വലിയ പോസിറ്റീവ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. കഥയോട് വളരെയധികം യോജിക്കുന്ന വിധത്തിലാണ് ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.
Read Also: At Movie Update : ഡോൺമാക്സ് ചിത്രം 'അറ്റ്' ഉടൻ തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്തുവിട്ടു
ചിത്രത്തിന്‍റെ ഹോറർ മൂഡ് നിലനിർത്തുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും സിനിമയിലുണ്ട്. മികച്ച ചില ജമ്പ് സ്കെയർ സീനുകളും സിനിമയിലുണ്ട്. എങ്കിലും കഥയുടെ ആദ്യ പകുതി വിരസമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. രണ്ടാം പകുതിയിൽ ചിത്രം വ്യത്യസ്തമായ ഒരു ട്രാക്കിൽ കയറുന്നതോടെ കൂടുതൽ രസകരമായി മാറുന്നുണ്ട്. ക്ലൈമാക്സിൽ കൊണ്ട് വന്ന സ്ത്രീ റെഫറൻസ് എല്ലാം തീയറ്ററിൽ വലിയ കൈയടി ഉണർത്തി. എങ്കിലും കേശുവരി എന്ന ഗാനവും ശ്രദ്ധ കപൂറിന്‍റെ സ്ത്രീയെയും ക്ലൈമാക്സിൽ പ്രതീക്ഷിച്ച പ്രേക്ഷകർക്ക് നിരാശയായിരുന്നു ഫലം.
സ്ത്രീ യൂണിവേഴ്സിന്‍റെ ഒരു വലിയ സൂചന കൊടുത്തുകൊണ്ടാണ് ഭേടിയ അവസാനിക്കുന്നത്. അമർ കൗഷിക്കിന്‍റെ സംവിധാനത്തിൽ ഈ ഫ്രാഞ്ചൈസിയിൽ വരും വർഷങ്ങളിൽ കൂടുതല്‍ ചിത്രങ്ങൾ പുറത്തിറങ്ങും എന്ന് ഉറപ്പാണ്. ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങൾ എല്ലാം നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ചെന്നായ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമായതിനാൽത്തന്നെ ആ രംഗങ്ങൾ നല്ല പൂർണതയോടെ തന്നെ അവതരിപ്പിച്ചു. 3ഡി രംഗങ്ങളും മികവ് പുലർത്തി. മുതിർന്ന പ്രേക്ഷകരെക്കാൾ ഒരുപക്ഷെ കുട്ടികളെ ഈ ചിത്രം കൂടുതൽ ആകർഷിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...