2008 മുതൽ പുറത്തിറങ്ങുന്ന മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളിൽ ഒഴിച്ച്കൂടാനാകാത്ത ഒരു ഘടകമാണ് അതിന്‍റെ പോസ്റ്റ് ക്രെഡിറ്റ് സീനുകളും മിഡ് ക്രെഡിറ്റ് സീനുകളും. ആരാധകർ സിനിമ അവസാനിച്ചാലും തീയറ്റർ വിടാതെ ഇവയ്ക്കായി കാത്തിരിക്കാറുണ്ട്. 2008 ൽ പുറത്തിറങ്ങിയ അയൺമാൻ എന്ന ചിത്രത്തിലാണ് ആദ്യമായി പോസ്റ്റ് ക്രെഡിറ്റ് സീൻ എന്ന ഒരു ആശയം മാർവൽ മുന്നോട്ട് വച്ചത്. ഈ ചിത്രത്തിൽ അയൺമാനെ നിക് ഫ്യൂരി എന്ന കഥാപാത്രം അവഞ്ചേഴ്സ് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സന്ദർശിക്കാൻ എത്തുന്നതായിരുന്നു ആദ്യത്തെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ ഉണ്ടായിരുന്നത്.
മാർവൽ 2012 ൽ അവഞ്ചേഴ്സിന് രൂപം കൊടുത്ത് ആദ്യ അവഞ്ചേഴ്സ് ചിത്രവും പുറത്തിറക്കി. ഇത്തരത്തില്‍ മാർവൽ ചിത്രങ്ങളുടെ ക്രെഡിറ്റ് സീനുകൾക്ക് അവയുടെ ഭാവിയുമായി ഒഴിച്ച്കൂടാനാകാത്ത ബന്ധമുണ്ട്. ടൈക വൈറ്റിറ്റിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ തോറിന്‍റെ നാലാമത്തെ ചിത്രമാണ് തോർ ലവ് ആന്‍റ് തണ്ടർ. ക്രിസ് ഹെംസ്വർത്താണ് ഈ ചിത്രത്തിൽ തോർ ആയി അഭിനയിച്ചത്. 2011 മുതൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ തോർ ആയി അഭിനയിക്കുന്ന ക്രിസ് ഹെംസ്വർത്തിന്‍റെ അവസാന ചിത്രമാകും തോർ ലവ് ആന്‍റ് തണ്ടറെന്ന സൂചനകൾ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്നു.
എന്നാൽ ക്രിസ് ഹെംസ്വർത്തിന്‍റെ തോർ ഭാവി ചിത്രങ്ങളിലും ഉണ്ടാകും എന്നതിന്‍റെ ഒരു വലിയ സൂചന നൽകുന്നതായിരുന്നു തോർ ലവ് ആന്‍റ് തണ്ടറിന്‍റെ മിഡ് ക്രെഡിറ്റ് സീൻ. ചിത്രത്തിലെ ഒരു രംഗത്തിൽ തോർ, വാൽക്കരി, മൈറ്റി തോർ, കോർഗ് എന്നീ കഥാപാത്രങ്ങൾ ഒമ്നിപ്പൊട്ടൻസ് എന്ന സാങ്കൽപ്പിക നഗരത്തിൽ എത്തുന്നു. ഗോർ എന്ന വില്ലനെ വധിക്കാനായി സീയസ് എന്ന ദൈവത്തിന്‍റയും സൈനികരുടെയും സഹായം അഭ്യർത്ഥിക്കാനായിരുന്നു തോറും കൂട്ടരും ഇവിടെ എത്തുന്നത്. എന്നാൽ ഇവിടെ വച്ച് സീയസിൽ നിന്ന് തോറിന് വേണ്ട സഹായം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് നടക്കുന്ന സംഘട്ടനത്തിൽ തോർ സീയസിനെ പരിക്കേൽപ്പിച്ച് അയാളുടെ ആയുധം സ്വന്തമാക്കുന്നു. സീയസ് മരിച്ചെന്ന് വിചാരിച്ച് തോറും സംഘവും അവിടെ നിന്നും പോകുന്നു. എന്നാൽ ചിത്രത്തിന്‍റെ മിഡ് ക്രെഡിറ്റ് സീനിൽ പരിക്കേറ്റ സീയസിനെ കാണിക്കുകയും തോറിനോട് പ്രതികാരം ചെയ്യണം എന്ന കാര്യം അയാളുടെ മകനായ ഹെർക്കുലീസിനോട് സൂചിപ്പിക്കുകയും ചെയ്യുന്നു. തോർ ആയി ക്രിസ് ഹെംസ്വർത്ത് മടങ്ങിയെത്തും എന്നതിനുള്ള വ്യക്തമായ സൂചനയാണ് ഇതുവഴി സംവിധായകൻ നൽകുന്നത്. തോറിന്‍റെ അടുത്ത് വരാൻ പോകുന്ന ചിത്രത്തിൽ ഒരുപക്ഷെ വില്ലനായി എത്തുന്നത് ഹെർക്കുലീസ് ആകാൻ സാധ്യത ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...