ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം സാന്‍റാക്ലോസിന്‍റെ ആണ്. ക്രിസ്മസിന്‍റെ തലേ ദിവസം രാത്രി കുഞ്ഞുങ്ങളുള്ള എല്ലാ വീടുകളിലുമെത്തി സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്ന സാന്‍റാക്ലോസിന്‍റെ കഥ കേൾക്കാത്തവർ വിരളമായിരിക്കും. നരച്ച മുടിയും താടിയുമായി, ചുവന്ന വസ്ത്രം ധരിച്ച്, തലയിൽ ചുവന്ന തൊപ്പി വച്ച്, ചെമ്മരിയാടുകളെ പൂട്ടിയ രഥത്തിൽ പറന്ന് പോകുന്ന തടിയൻ സാന്‍റയാണ് ക്രിസ്മസ് കാലത്തെ സൂപ്പർ സ്റ്റാർ. എന്നാൽ കുട്ടികള്‍ക്ക് സമ്മാനപ്പൊതി വിതരണം ചെയ്ത് ആരും കാണാതെ പറന്നകലുന്ന സാന്‍റാ ക്ലോസ് അപകടത്തിൽപ്പെടുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ എങ്ങനെയിരിക്കും ? ഈയോരു ആശയത്തെ അടിസ്ഥാനപ്പെടുത്തി ക്രിസ്മസ് കാലത്ത് പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ചിത്രമാണ് വയലന്‍റ് നൈറ്റ്.
പേര് സൂചിപ്പിക്കുന്നതുപോലെ പക്കാ വയലന്‍റ് ആയുള്ള ചിത്രം തന്നെയാണ് ഇത്. അതുകൊണ്ട് 18 വയസിന് മുകളിലുള്ളവർക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു R റേറ്റഡ് ചിത്രമാണ് ഇത്. ടോമി വിർക്കോള സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ സാന്‍റാ ക്ലോസിനെ അവതരിപ്പിച്ചിരിക്കുന്നത് ഡേവിഡ് ഹാർബറാണ്. സാന്‍റാക്ലോസ് എന്ന ഫാന്‍റസി കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണെങ്കിലും സാന്‍റയ്ക്ക് ഒരു അമാനുഷികത കൊടുക്കാതെ സാധാരണ മനുഷ്യനെപ്പോലെയാണ് വയലന്‍റ് നൈറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സാന്‍റാക്ലോസ് വെള്ളമടിച്ച് പൂസായി വാള് വയ്ക്കുന്നതും ശരീരം നിറയെ രക്തത്തിൽ കുളിച്ച് വില്ലൻമാരോട് പോരാടുന്നതും കരയുന്നതും ചിരിക്കുന്നതുമെല്ലാം ചിത്രത്തിൽ കാണാൻ സാധിക്കും.
സാന്‍റാക്ലോസിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട ചില റെഫറൻസുകളും ചിത്രം നൽകുന്നുണ്ട്. ട്രൂഡി എന്ന ഏഴ് വയസുകാരിയാണ് സാന്‍റാക്ലോസിന് പുറമേ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഈ കുഞ്ഞിനെയും അവളുടെ ബന്ധുക്കളെയും ഒരുകൂട്ടം മോഷ്ടാക്കൾ തടവിലാക്കുകയും, അപ്പോൾ അവിടെ അവിചാരിതമായി എത്തുന്ന സാന്‍റാക്ലോസ് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. തമാശയും ആക്ഷനുമായി രസകരമായാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. എങ്കിലും ചിത്രത്തിന്‍റെ കഥ ഏറെക്കുറെ പ്രെഡിക്ടബിൾ ആയതിനാൽ അടുത്ത് എന്ത് സംഭവിക്കും എന്ന ആകാംഷ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നതിൽ ചിത്രം പരാജയപ്പെടുന്നു. എങ്കിലും ഒരു ഫെസ്റ്റിവൽ ചിത്രം എന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാൻ സാധിക്കുന്ന നല്ലൊരു എന്‍റർടൈനറാണ് വയലന്‍റ് നൈറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...