വിമർശനങ്ങൾ ആകാം പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട്; അക്ഷയ് കുമാർ

അക്ഷയ് കുമാർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റീമേക്ക് ചിത്രങ്ങളെപ്പറ്റിയുള്ള തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : May 21, 2022, 04:11 PM IST
  • എന്തുകൊണ്ടാണ് മറ്റുള്ളവർ ഇത് ഒരു വലിയ പ്രശ്നമായി ഉയർത്തിക്കാട്ടുന്നതെന്ന് അക്ഷയ് ചോദിച്ചു
  • കിച്ചാ സുദീപ് ഒരു ട്വിറ്റർ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് താരങ്ങൾക്കിടയിൽ തർക്കം ഉണ്ടായത്
  • റീമിക്സ് ഗാനങ്ങളെ വിമർശിക്കുന്നതിനെയും അക്ഷയ് ചോദ്യം ചെയ്തു
വിമർശനങ്ങൾ ആകാം പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട്; അക്ഷയ് കുമാർ

ബോളീവുഡ് സിനിമാ വ്യവസായത്തെയും ദക്ഷിണേന്‍റ്യൻ ഫിലിം ഇന്‍റസ്ട്രികളെക്കുറിച്ചും അണിയറയിൽ നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമാണെന്ന് അക്ഷയ് കുമാർ. ഇത് വഴി നാം നമ്മെത്തന്നെ ഭിന്നിപ്പിക്കുന്ന പ്രവർത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴി എല്ലാതരം ജനങ്ങളും ചലച്ചിത്ര വിമർശകർ ആയി മാറിയെന്നും കഴിവുള്ള നല്ല താരങ്ങളെ ഇത്തരക്കാർ വിമർശിച്ച് നിരുത്സാഹപ്പെടുത്തുകയാണെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. 

ഈയടുത്ത് സൗത്ത് ഇന്ത്യൻ, ബോളീവുഡ് ഇന്‍റസ്ട്രികളുടെ പേരിൽ സൂപ്പർ താരങ്ങളായ അജയ് ദേവ്ഗണും കിച്ചാ സുദീപും ട്വിറ്റർ വഴി കൊമ്പ് കോർത്തിരുന്നു. ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്ന് അഭിപ്രായപ്പെട്ട്കൊണ്ട് കിച്ചാ സുദീപ് ഒരു ട്വിറ്റർ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് താരങ്ങൾക്കിടയിൽ തർക്കം ഉണ്ടായത്. 'ഇപ്പോൾ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിച്ച് വൻ വിജയം കാണുന്നു, പക്ഷെ ബോളീവുഡ് സൗത്ത് ഇന്ത്യൻ ഭാഷകളിലേക്ക് തങ്ങളുടെ ചിത്രങ്ങൾ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യാറുണ്ടെങ്കിലും അവയൊന്നും തന്നെ കാണാറില്ല' എന്നുമാണ് കിച്ചാ സുദീപിന്‍റെ പോസ്റ്റിന്‍റെ പൂർണ്ണ രൂപം. ഇതിന് മറുപടിയുമായി അജയ് ദേവ്ഗൺ ഉടൻ തന്നെ രംഗത്ത് വന്നു. 'ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത് പുറത്തിറക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.  

അടുത്തിടെ അക്ഷയ് കുമാർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റീമേക്ക് ചിത്രങ്ങളെപ്പറ്റിയുള്ള തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. "പലരും എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് താങ്കൾ എപ്പോഴും സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് എന്ന്. എന്നാൽ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിൽ എന്താണ് കുഴപ്പം ? ഞാൻ അഭിനയിച്ച് പുറത്തിറങ്ങിയ 'ഓ മൈ ഗോഡ്' എന്ന ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്ത് അവർ വൻ വിജയം നേടി, മാത്രമല്ല തെലുങ്കില്‍ നിന്ന് റീമേക്ക് ചെയ്ത എന്‍റെ 'റൗഡി റാധോർ' എന്ന ചിത്രം ഹിന്ദിയിൽ വലിയ വിജയം ആയിരുന്നു."

എന്തുകൊണ്ടാണ് മറ്റുള്ളവർ ഇത് ഒരു വലിയ പ്രശ്നമായി ഉയർത്തിക്കാട്ടുന്നതെന്ന് അക്ഷയ് ചോദിച്ചു. ദക്ഷിണേന്‍റ്യയിൽ നിന്ന് നല്ല ചിത്രങ്ങൾ പുറത്തിറങ്ങുന്നത് കൊണ്ടാണ് അവയുടെ ഹിന്ദി പകർപ്പവകാശം വാങ്ങി റീമേക്ക് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീമിക്സ് ഗാനങ്ങളെ വിമർശിക്കുന്നതിനെയും അക്ഷയ് ചോദ്യം ചെയ്തു. ഒറിജിനൽ ഗാനങ്ങളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് അവ റീമിക്സ് ചെയ്യപ്പെടുന്നതെന്നും, ഒറിജിനൽ ഗാനങ്ങൾക്കും റീമിക്സ് ഗാനങ്ങൾക്കും ഒന്നിച്ച് നിലനിൽക്കാൻ സാധിക്കില്ലേ എന്നും അക്ഷയ് കുമാർ വിമർശകരോടായി ചോദിച്ചു.

ഇന്ന് സാമൂഹികമാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിമർശകന്മാർ കഴിവുള്ള നടീനടന്മാരെ വിമർശിച്ച് അവരുടെ ആത്മവിശ്വാസം കളയുകയാണെന്ന് അക്ഷയ് ആരോപിച്ചു. എല്ലാ നടീനടന്മാർക്കും അവരുടേതായ കഴിവുകളുണ്ട്, എല്ലാപേരും അവരുടെ ജോലി കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുന്നുമുണ്ട്, കേവലം ഒന്നോ രണ്ടോ സിനിമകളുടെ പേരിൽ അവരെ തളർത്തുന്ന രീതിയിലുള്ള സംസാരം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വരുന്നത് തെറ്റാണെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News