ദോഹ: 2022 ലോകകപ്പിനാവശ്യമായ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് ചെലവ് ചുരുക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാല്‍വെപ്പുകളുമായി സ്റ്റേഡിയങ്ങളുടെ ത്രിമാന ചിത്രങ്ങളുണ്ടാക്കി ഖത്തര്‍ യൂനിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജ് രംഗത്തത്തെി. ആറ് മാസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ചെലവ് ചുരുക്കുന്നതിനുള്ള വിദ്യകളുമായി സര്‍വകലാശാല വിദ്യാര്‍ഥികള്‍ മുമ്പോട്ടുവന്നത്.
സ്റ്റേഡിയങ്ങളുടെ ത്രിമാനമാതൃകകള്‍ നിര്‍മിക്കുന്നതിന് ഒരാഴ്ചയെടുത്തെന്ന് യൂനിവേഴ്സിറ്റി എന്‍ജി. കോളേജ് പ്രൊഫസര്‍ ഡോ. സുആദ് അബ്ദുല്‍ അസീസ് അബ്ദുഗനി പറഞ്ഞു. 2022ലെ ലോകകപ്പുകള്‍ക്കാവിശ്യമായി നിര്‍ദേശിക്കപ്പെട്ട സ്റ്റേഡിയങ്ങളുടെ യഥാര്‍ഥ രൂപങ്ങളാണ് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയോഡൈനാമിക് ടെസ്റ്റിങിനായി വൈന്‍ഡ് ടണലിലേക്ക് നേരത്തേ നിര്‍മിച്ച സ്റ്റേഡിയത്തിന്‍്റെ ത്രിമാന ചിത്രങ്ങള്‍ പ്രവേശിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വൈന്‍ഡ് ടണലിന്‍െറ നിര്‍മാണത്തിനായി മാത്രം ഏഴ് മാസത്തോളമെടുത്തുവെന്നും ഇത്തരം സാങ്കേതികവിദ്യ മേഖലയില്‍ തന്നെ ആദ്യത്തേതാണെന്നും പ്രൊഫസര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റേഡിയത്തില്‍ നിന്നും പുറത്ത് വരുന്ന വായുവിന്‍െറ അളവ് പ്രത്യേക ലേസര്‍ തരംഗങ്ങളുപയോഗിച്ച് നിരീക്ഷിക്കുകയും യൂനിവേഴ്സിറ്റിയിലെ സംഘം തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അതിന്‍െറ അളവ് തിട്ടപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണിത്. ഇതിലൂടെ സ്റ്റേഡിയിത്തിലെ താപനില അറിയാന്‍ സാധിക്കുമെന്നും സ്റ്റേഡിയത്തിലെ വിവിധയിടങ്ങളിലെ വ്യത്യസ്തമായ താപനിലക്കനുസരിച്ച് കാറ്റിനെ വഴിതിരിക്കാന്‍ സാധിക്കുമെന്നും ശീതീകരണ സംവിധാനം ആവശ്യമായ ഇടങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വിവരിച്ചു. എല്ലാ സംവിധാനവും ഇവിടെ ഖത്തറില്‍ തന്നെ നിര്‍മിച്ചതാണ്. എന്നാല്‍ വൈന്‍ഡ് ടണലിലെ ഫാന്‍ ജര്‍മനിയില്‍ നിര്‍മിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ഖോര്‍ അല്‍ ബെയ്ത് സ്റ്റേഡിയം, അല്‍ വക്റ സ്റ്റേഡിയം എന്നിവിടങ്ങളില്‍ ഇത് പരീക്ഷിച്ചിട്ടുണ്ട്. തുമാമ സ്റ്റേഡിയത്തിന്‍െറ ത്രിമാന ചിത്രം പ്രിന്‍റ് ചെയ്ത് ഇത് പരീക്ഷിക്കാനുള്ള പദ്ധതിയിലാണെന്നും ഡോ. സുആദ് പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ ടെക്നിക്കല്‍ ഡെലിവറി ഓഫീസുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഖത്തര്‍ യൂനിവേഴ്സിറ്റിയെന്ന് സുപ്രീം കമ്മിറ്റി ടെക്നിക്കല്‍ ഡെലിവറി ഓഫീസ് വൈസ് ചെയര്‍മാന്‍ യാസിര്‍ അല്‍ ജമാല്‍ പറഞ്ഞു.
2022 ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന്യമേറിയ പദ്ധതിയുമായി മുമ്പോട്ടുവന്നതില്‍ അവരെ അനുമോദിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്റ്റേഡിയങ്ങളുടെ മേല്‍ക്കൂരയില്‍ ഉരുക്കുപ്രതലങ്ങളുടെ അളവ് കുറച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയിലാണ് ഖത്തര്‍ യൂനിവേഴ്സിറ്റിയെന്നും ഇത് വളരെയധികം ചെലവ് ചുരക്കുന്നതിന് കാരണമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയം രൂപകല്‍പനയുടെ ഭാവിയാണ് ഇതെന്നും പരീക്ഷണം വിജയകരമാണെന്നും പ്രൊഫ. സുആദ് വ്യക്തമാക്കി.