ദോഹ: ഖത്തറിലെ മുഴുവന്‍ വിദേശ തൊഴിലാളികളുടെ വിരലടയാളം ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കുന്നു.1.6 ദശലക്ഷം വിരലടയാളങ്ങള്‍ റെക്കോര്‍ഡാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവ ഇലക്ട്രോണിക് രൂപത്തിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി..
ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനം. ദിവസവും 2000 മുതല്‍ 2600 വരെ വിരലടയാളങ്ങളാണ് ശേഖരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് മിനിട്ടിനകം ഈ നടപടികള്‍ പൂര്‍ത്തീരിക്കുകയും ഇവ പിന്നീട് പാസ്പോര്‍ട്ട് മന്ത്രാലയത്തിന് കൈമാറുകയുമാണ് പതിവ്.നേരത്തെ കടലാസുകളിലായി സൂക്ഷിച്ചിരുന്ന ഇവ 2014 ഏപ്രില്‍ 17 മുതലാണ് കമ്പ്യൂട്ടറിലാക്കി സൂക്ഷിക്കുന്ന നടപടിക്ക് തുടക്കം കുറിച്ചതെന്ന് ‘പൊലിസ് വിത്ത് യു’ എന്ന മാസികയില്‍ അദ്ദേഹം വ്യക്തമാക്കി. പുതുതായി എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് താമസരേഖ നല്‍കുന്നതിന് മുന്നോടിയായാണ് ഇത് നിര്‍വഹിക്കുക. ശേഷം ഇവ തിരിച്ചറിയല്‍ രേഖയെന്നോണം സെര്‍വറില്‍ സൂക്ഷിക്കുകയും ചെയ്യും.
മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷം വിരലടയാളം പകര്‍ത്താനായി എത്തുകയാണെങ്കില്‍ ഇവിടുത്തെ തിരക്ക് കുറക്കാനും നടപടികള്‍ വേഗത്തിലാക്കാനും സാധിക്കും. എന്നാല്‍, കുറഞ്ഞ തൊഴിലാളികളുടെ സംഘത്തെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ വിരലടയാളം പകര്‍ത്താനായി അയക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു . മുഴുവന്‍ വിദേശ തൊഴിലാളികളുടെ വിരലടയാളം ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കുന്നത് ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു