ഖത്തറില്‍ പുകവലിക്കുന്നവരിൽ നിന്ന് കൂടുതൽ പിഴ ഈടാക്കുന്ന കരട് നിയമത്തിന് ഉപദേശക സമിതിയുടെ അംഗീകാരം

Last Updated : May 18, 2016, 02:35 PM IST
ഖത്തറില്‍ പുകവലിക്കുന്നവരിൽ നിന്ന് കൂടുതൽ പിഴ ഈടാക്കുന്ന കരട് നിയമത്തിന് ഉപദേശക സമിതിയുടെ   അംഗീകാരം

ഖത്തറില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ചുമത്തുന്നതും  പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനുമെതിരെയുള്ള പുകയില വിരുദ്ധ നിയമത്തിൻറെ കരടിന് ഉപദേശക സമിതി അംഗീകാരം നല്‍കി. ഇതുവഴി   പൊതുസ്ഥലത്ത് പുകവലിക്കുന്നവർക്ക്  നിലവിലെ നിയമ പ്രകാരം പിഴ 500 റിയാൽ  എന്നുള്ളത് 3,000 റിയാലായി പുതിയ കരട് നിയമത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റ്, ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ എന്നിവയെല്ലാം നിരോധിക്കാനാണ് തീരുമാനം.

ഉപദേശക സമിതിയുടെ നിയമകാര്യ സമിതി കരട് നിയമത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് ഉപദേശക സമിതി മന്ത്രിസഭയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. കരട് നിയമം മന്ത്രിസഭയും അംഗീകരിക്കുന്നതോടെ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധം പ്രാബല്യത്തിലാകും.  മാളുകളിലും മറ്റ് ഇന്‍ഡോര്‍ പൊതുസ്ഥലങ്ങളിലും പുകവലിക്കുന്നവര്‍ക്ക് പിഴ ആറിരട്ടിയായി വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ളതാണ് വ്യവസ്ഥകള്‍. 

പൊതുസ്ഥലങ്ങളില്‍ പുകവലിക്കാന്‍ അനുവദിക്കുന്നതും ശിക്ഷാര്‍ഹമാണ്.നിയമലംഘനം നടത്തുന്ന  സ്ഥാപനങ്ങൾ  3  മാസം  വരെ അടച്ചിടാനും അല്ലെങ്കിൽ  ജപ്തി ചെയ്യാനും കോടതിയ്ക്ക്  ഉത്തരവിടാം. കോടതി ഉത്തരവ്, നിയമലംഘനം നടത്തിയ സ്ഥാപനത്തിന്‍റെ ചെലവില്‍ രണ്ട് പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വേണം.  

പുകയില ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ ഇതിന് ഒരാഴ്ച മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തിന് നിര്‍ബന്ധമായും രേഖാമൂലം വിവരം നല്‍കണം കാരണം ഇറക്കുമതി ചെയ്യുന്ന പുകയില ഉത്പന്നങ്ങള്‍,നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണിത്‌. പുകയില ഉത്പന്നങ്ങളുടെ എല്ലാ പാക്കറ്റിലും നിര്‍ബന്ധമായും കാലാവിധി രേഖപെടുത്തണം. കൂടാതെ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് ദൃശ്യപരമായ മുന്നറിയിപ്പും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും കരട് നിയമം വ്യക്തമാക്കുന്നു.

 

Trending News