ഉടുക്കാൻ പുതിയ തുണിയില്ല, കാറില്ല; സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും ഇട്ട് നടന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ അവസാന കാലം ദുരിതം; 'പ്രഹസന ജീവിതം ദുരന്തം' ആയോ?

Atlas Ramachandran : ബിസിനസിലും സിനിമയിലും സാഹിത്യലോകത്തും തിളങ്ങി നിൽക്കെ ആണ് സാമ്പത്തിക ഇടപാടുകളിലെ അശ്രദ്ധമൂലം പടുകുഴിയിലേക്ക്  വീണത്.

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Jenish Thomas | Last Updated : Oct 4, 2022, 03:43 PM IST
  • ബിസിനസിലും സിനിമയിലും സാഹിത്യലോകത്തും തിളങ്ങി നിൽക്കെ ആണ് സാമ്പത്തിക ഇടപാടുകളിലെ അശ്രദ്ധമൂലം പടുകുഴിയിലേക്ക് വീണത്.
  • ബാങ്കിലെ വായ്പ അടയ്ക്കാൻ മറ്റ് ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് വലിയൊരു സാമ്പത്തിക ബാധ്യതയിലെത്തി.
  • ദുബായിൽ ഉണ്ടായിരുന്ന അതിമനോഹരമായ വിശാലമായ ബാൽക്കണിയുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റിൽ നിന്നും ഷാർജയിലെ ഒതുങ്ങിയൊരു സ്ഥലത്തെ ചെറിയ ഫ്ളാറ്റിലേക്ക് മാറേണ്ടിവന്നു.
ഉടുക്കാൻ പുതിയ തുണിയില്ല, കാറില്ല; സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും ഇട്ട് നടന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ അവസാന കാലം ദുരിതം; 'പ്രഹസന ജീവിതം ദുരന്തം' ആയോ?

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ അറ്റ്‌ലസ് ജൂവല്ലറിയെ അവതരിപ്പിച്ച തൃശൂർ മുല്ലശേരി മധുക്കര സ്വദേശിയായ രാമചന്ദ്രൻ. ബാങ്ക് ജീവനക്കാരനായ അദ്ദേഹം ജൂവല്ലറി ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ സെൽഫ് ബ്രാൻഡിംഗ് വഴി അറ്റ്ല‌സ് എന്ന സ്ഥാപനത്തെ ജനകീയമാക്കി. സിനിമകളിലും മിമിക്രി വേദികളിലും എല്ലാം 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം പുനരവതരിപ്പിക്കപ്പെട്ടു.

ബിസിനസിലും സിനിമയിലും സാഹിത്യലോകത്തും തിളങ്ങി നിൽക്കെ ആണ് രാമചന്ദ്രൻ സാമ്പത്തിക ഇടപാടുകളിലെ അശ്രദ്ധമൂലം പടുകുഴിയിലേക്ക്  വീണത്. ബാങ്കിലെ വായ്പ അടയ്ക്കാൻ മറ്റ് ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് വലിയൊരു സാമ്പത്തിക ബാധ്യതയിലെത്തി. ദുബായിൽ ഉണ്ടായിരുന്ന അതിമനോഹരമായ വിശാലമായ ബാൽക്കണിയുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റിൽ നിന്നും ഷാർജയിലെ ഒതുങ്ങിയൊരു സ്ഥലത്തെ ചെറിയ ഫ്ളാറ്റിലേക്ക് അറ്റ്ലസ് ജുവല്ലറിയുടെ ഉടമയ്ക്ക് മാറേണ്ടിവന്നു. 

ALSO READ : Atlas Ramachandran Passes Away: വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും സ്ഥിരം വേഷമായിരുന്ന അദ്ദേഹത്തിന് പിന്നീട് ഒരു വസ്ത്രം പോലും വാങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല. പഴയ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്താണ് താൻ ഇപ്പോൾ ഇടുന്നതെന്ന് പറഞ്ഞതായി രാമചന്ദ്രനുമായി അടുപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകനും വ്ളോഗറുമായ ഐപ്പ് വള്ളിക്കാടൻ പറയുന്നു. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വസ്ത്രമാണ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം ധരിച്ചിരുന്നത്.  പുതിയത് വാങ്ങാനുള്ള ശേഷി ഇല്ലെന്ന് തുറന്നുപറയുകയും ചെയ്തു. യാത്ര ചെയ്യാൻ സ്വന്തമായി വാഹനം ഇല്ലായിരുന്നു. മറ്റാരുടെയെങ്കിലും ലിഫ്റ്റ് വാങ്ങിയാണ് പല പരിപാടികൾക്കും പോയിരുന്നത്. ഏതൊരു ചെറിയ പരിപാടിക്കും പോയിത്തുടങ്ങി. ദുബായിലെ ചെറിയ ചെറിയ കൂട്ടായ്മകളിലും അറ്റ്ലസ് രാമചന്ദ്രൻ പോയിത്തുടങ്ങി.

അറ്റ്‌ലസ് പുനർജനിക്കാൻ പോവുകയാണെന്നും വളരെ സന്തോഷപൂർവം മരണത്തിന് തൊട്ടടുത്ത ദിവസം അദ്ദേഹം പറഞ്ഞതായും ഐപ്പ് പറയുന്നു. ഇനി അറ്റ്‌ലസ് തുടങ്ങുക ഒറ്റയ്ക്ക് അല്ല. ഒരു നിക്ഷേപകൻ കൂടി ഉണ്ടാകും. അദ്ദേഹത്തിന്റെ പേര് കൂടി അറ്റ്‌ലസിനൊപ്പം ഉണ്ടാകും. തന്നെ അതിന്റെ ബ്രാൻഡ് അംബാസിഡർ ആക്കും. നിശ്ചിത വരുമാനം എല്ലാ മാസവും കിട്ടുന്ന രീതിയിലാണ് അറ്റ്‌ലസ് എന്ന ബ്രാൻഡ് പുനർജനിക്കുമെന്നും അന്ന് രാമചന്ദ്രൻ ഐപ്പ് വള്ളിക്കാടനോട് പറഞ്ഞു.

ALSO READ : ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രാമചന്ദ്രൻ വിടവാങ്ങിയത് : മുഖ്യമന്ത്രി

ജൂവല്ലറി പരസ്യത്തിനായി സിനിമാതാരങ്ങളെ ഒഴിവാക്കി സ്വയം അഭിനയിച്ചതും ഒരു വൺമാൻ ഷോ ആയും വിമർശിക്കപ്പെട്ടിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. എന്നാൽ അതാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്ന് വിലയിരുത്തുന്നവരാണ് അധികം. ജയിലിലെ കടുത്ത ഏകാന്തതയാണ് തന്നെ തളർത്തിയത് എന്ന് അദ്ദേഹം പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ''എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത് ജയിലിൽ ആരും എന്നെ കാണാൻ വരാത്തതാണ്. സന്ദർശകരായി ആരെങ്കിലും വന്നിരുന്നു എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദർശകരെ കാണണമെന്ന് മോഹിക്കാൻ കാരണം ആളുകളെ കാണാൻ മാത്രം ആയിരുന്നില്ല. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ. ജയിലിന് അകത്തായിരിക്കുമ്പോഴാണ് കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക''. പൊതുവേദികളിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ഏകാന്തത സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. "എന്റെ ജീവിതത്തിന്റെ സ്വിച്ച് കുറച്ചുകാലത്തേക്ക് ഓഫ് ചെയ്തു വയ്ക്കേണ്ടി വന്നു" എന്നാണ് ജയിൽജീവിതത്തെക്കുറിച്ച് പിന്നീട് രാമചന്ദ്രൻ പറഞ്ഞത്. പ്രമേഹരോഗിയായിരുന്ന രാമചന്ദ്രന് ഇഷ്ടപ്പെട്ട ഭക്ഷണം ഭാര്യ ഇന്ദിര ആ ജയിലിൽ എത്തിച്ച് നൽകിയിരുന്നു. ജയിലിൽ നിന്ന് ഫോൺവിളിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. 

കലയോടും കലാകാരൻമാരോടും തീവ്രമായ ഇഷ്ടം മനസിൽ സൂക്ഷിക്കുന്ന ആൾ. ആരെയും വിശ്വസിക്കുന്ന പ്രകൃതമാണ്. ഈ സ്വഭാവം തന്നെയാണ് രാമചന്ദ്രനെ വീഴ്ത്തിയത് എന്ന് കരുതുന്ന സുഹൃത്തുക്കളാണ് അധികവും. സ്വന്തം സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ പോയി. കണ്ണും അടച്ച് വിശ്വസിച്ച സഹപ്രവർത്തകർ ചതിച്ചതാണെന്നാണ് അടുപ്പക്കാർ പറയുന്നത്. എന്നാൽ ആരുടെയും പേര് പറയാനോ ആരെയും കുറ്റപ്പെടുത്താനോ മരണം വരെയും അറ്റ്‌ലസ് രാമചന്ദ്രൻ തയ്യാറായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News