ദുബായ്: ഏഴരക്കോടി രൂപയുടെ ഭാഗ്യം 39 പേർക്ക് വീതം വെച്ച മലയാളി യുവാവ് വാര്‍ത്തയാകുന്നു. ദുബായില്‍ ജോലി ചെയ്യുന്ന 40 സുഹൃത്തുക്കൾ ചേർന്നാണ് ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിന്‍റെ ടിക്കറ്റെടുത്തത്.
അഞ്ചു വർഷമായി ദുബായിലെ കാർ ടെക്‌നീഷ്യന്മാരായി ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവരില്‍ ഒരാളായ തൃശ്ശൂർ സ്വദേശി രമേശ് കൃഷ്ണൻകുട്ടിയ്ക്കാണ് ഏഴരക്കോടി രൂപയുടെ ഭാഗ്യക്കുറിയടിച്ചത്.
ചൊവ്വാഴ്ചയാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്ല്യനർ റാഫിൾ നറുക്കെടുപ്പിന്‍റെ ഫലം പുറത്തു വന്നത്. സമ്മാനത്തുകയാകട്ടെ 10 ലക്ഷം ഡോളറും. അതായത് ഏകദേശം ഏഴര കോടി രൂപ.
എന്നാല്‍, ഈ സമ്മാനത്തുക ഒറ്റയ്ക്ക് ചിലവാക്കാന്‍ രമേശിന് മനസുവന്നില്ല. ടിക്കറ്റ് എടുക്കാൻ ഒപ്പമുണ്ടായിരുന്ന 39 പേർക്കും സമ്മാനത്തുക പങ്കുവെയ്ക്കാനാണ് രമേശിന്‍റെ തീരുമാനം.
തുടക്കത്തിൽ ടിക്കറ്റെടുക്കാൻ 100 പേരടങ്ങിയ സംഘമാണ് പണം പിരിച്ചിരുന്നത്. പിന്നീട് ഇത് 40 പേരായി ചുരുങ്ങുകയായിരുന്നു. സമ്മാനം ലഭിച്ചതറിഞ്ഞ് ഫോൺ വന്നപ്പോൾ ആദ്യം വിശ്വാസമായില്ല. ഒടുവിൽ രമേശിന്‍റെ ആവശ്യപ്രകാരം സംഘാടകർ വിവരം അറിയിച്ച് ഇമെയിൽ അയച്ചു.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും നാട്ടിലുള്ള ഭാര്യയെയും രണ്ടു കുട്ടികളെയും അടുത്ത അവധിക്ക് ദുബായ് കാണിക്കാൻ കൊണ്ട് വരണമെന്നാണ് ആഗ്രഹമെന്നും രമേശ് പറഞ്ഞു.
രമേശിനൊപ്പം പാകിസ്ഥാൻ സ്വദേശി ഇമ്രാൻ ഇസ്ഹാഖും നറുക്കെടുപ്പിൽ വിജയിയായി.