സൗദി അറേബ്യയില്‍ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി

Updated: Sep 16, 2017, 04:03 PM IST
സൗദി അറേബ്യയില്‍ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി അറേബ്യയില്‍ ഒരു വനിത ഉള്‍പ്പടെ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ റിയാദ്, അസീര്‍ എന്നിവിടങ്ങളിലാണ് ശിക്ഷ നടപ്പിലാക്കിയത്. 

സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹുസ്സ ബിന്‍ത് അബ്ദുല്ല ബിന്‍ ഫാലിഹ് അല്‍ദോസരി എന്ന സൗദി വനിതയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരിയായ ബുര്‍ഹാനി തസ്ഫാനി എന്ന യുവതിയെ ശിക്ഷിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതികളാണ് മറ്റു മൂന്ന് പുരുഷന്മാര്‍. വിദേശത്ത് നിന്നു ഹാഷീഷ് സൗദിയിലേക്ക് കടത്തിയ കേസിലെ പ്രതികളായ ഇബ്രാഹിം അലി സഈദ് അബ്ബാസ്, മുഹമ്മദ് അലി യഹ്യ സാലിം, അലി മുഹമ്മദ് അബ്ദുല്ല ഹസന്‍ എന്നീ യമന്‍ പൗരന്‍മാര്‍ക്കാണ് അസീര്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്. പ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും നേരത്തെ ശരിവെച്ചിരുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതോടെയാണ് ശിക്ഷ നടപ്പിലാക്കിയതെന്നും സൗദി അധികൃതര്‍ അറിയിച്ചു.