ഓണക്കാലത്ത് കൂടുതൽ വിമാന സർവീസുകൾ ആവശ്യപ്പെട്ട് പിണറായി വിജയൻ

ഓണക്കാലത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് കത്തയച്ചു. 

Last Updated : Aug 19, 2017, 04:10 PM IST
 ഓണക്കാലത്ത് കൂടുതൽ വിമാന സർവീസുകൾ ആവശ്യപ്പെട്ട് പിണറായി വിജയൻ

തിരുവനതപുരം: ഓണക്കാലത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് കത്തയച്ചു. 

ആഗസ്റ്റ് 27-നും സപ്തംബര്‍ 15-നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 

നിലവിൽ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും. 

വിമാന കമ്പനികള്‍ കൂടുതല്‍ ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്ന് മെയ് 15-ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പ് നൽകിയിരുന്നതായി മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. 

ആഗസ്റ്റ് 28-നും സപ്തംബര്‍ 1-നും ഇടയ്ക്ക് കൂടുതല്‍ ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് എയര്‍ അറേബ്യ കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

മെയ് 15-ന്‍റെ തിരുവനന്തപുരത്തെ യോഗത്തിന് ശേഷം ഷാര്‍ജയിലേക്ക് കൂടുതല്‍ ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ് വരുമ്പോള്‍ തങ്ങളുടെ യാത്രക്കാര്‍ കുറയുമോ എന്ന ആഭ്യന്തര വിമാന കമ്പനികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Trending News