സൗദി: പൊതുമാപ്പ് കാലാവധി നീട്ടി

സൗദിയില്‍ നിന്നും പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 'പൊതുമാപ്പ്' ഒരു മാസം കൂടി നീട്ടിയതായി എംബസി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൊട്ട്യാല്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ മുപ്പത് ദിവസത്തേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്നാണ് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചത്. 

Last Updated : Sep 15, 2017, 12:58 PM IST
സൗദി: പൊതുമാപ്പ് കാലാവധി നീട്ടി

റിയാദ്: സൗദിയില്‍ നിന്നും പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 'പൊതുമാപ്പ്' ഒരു മാസം കൂടി നീട്ടിയതായി എംബസി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൊട്ട്യാല്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ മുപ്പത് ദിവസത്തേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്നാണ് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചത്. 

അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരും, ഇഖാമ, തൊഴില്‍ നിയമലംഘകരുമായ ആളുകള്‍ക്ക് സാമ്പത്തിക പിഴയും ജയില്‍ ശിക്ഷയും കൂടാതെ നാടുവിടാനുള്ള അവസരവുമാണ് ഇതുവഴി വീണ്ടും ലഭിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ വേണ്ട ഒരുക്കങ്ങള്‍ എംബസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

സൗദിയില്‍ നടക്കുന്ന ശക്തമായ തൊഴില്‍ പരിശോധനയുടെ ഭാഗമായി അനധികൃത താമസക്കാരെ പിടികൂടാനുള്ള പ്രത്യേക പരിശോധനാ പരിപാടികളും സൗദിയില്‍ ആരംഭിച്ചിരുന്നു. 

മുന്‍പ് തൊഴില്‍, താമസ, അതിര്‍ത്തി നിയമത്തിന് വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക്  അഭയം നല്‍കുന്നവര്‍ക്കും ശിക്ഷാനടപടി നേരിടേണ്ടി വരും. എല്ലാ പത്ര ദൃശ്യ മാധ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൊബൈലുകളില്‍  എസ്എംഎസും അയക്കുന്നുണ്ട്.

സ്‌പോണ്‍സറുടെ കീഴിലല്ലാതെ ഫ്രീവിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15,000 റിയാല്‍ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ. ഇത്തരക്കാര്‍ക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കും ഏര്‍പ്പെപടുത്തും. നിയമവിരുദ്ധര്‍ക്ക് അഭയമോ തൊഴിലോ നല്‍കുന്നവര്‍ക്ക് 25,000 റിയാല്‍ മുതല്‍ ലക്ഷം റിയാല്‍ വരെ പിഴ നല്‍കും. സ്വന്തം ഉത്തരവാദിത്തില്‍ വിദേശി ജോലി ചെയ്യുന്നതിന് അവസരം ഒരുക്കുന്ന സ്വദേശിക്കും വിദേശിക്കും 15,000 റിയാല്‍ പിഴയും ആറ് മാസം തടവും ശിക്ഷ നല്‍കും.

ഈ വര്‍ഷം മാര്‍ച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയായിരുന്ന കാലാവധി പിന്നീട് ഒരുമാസം കൂടി നീട്ടിയിരുന്നു. നാലുമാസത്തെ പൊതുമാപ്പ് കാലയളവില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി. ഇതില്‍ അരലക്ഷം പേര്‍ ഇന്ത്യാക്കാരാണ്.

Trending News