മസ്‍കറ്റ്: ഒമാനിൽ സെലക്ടീവ് നികുതി സംവിധാനം നടപ്പിലാക്കാനുള്ള നിയമത്തിന്‍റെ കരടിന് മജ്‌ലിസ് ശൂറയുടെയും സ്റ്റേറ്റ് കൗൺസിലിന്‍റെയും അംഗീകാരം.
ഇതോടെ മദ്യം, പുകയില ഉല്‍പ്പന്നങ്ങളുടെ നികുതിയിൽ നൂറ് ശതമാനം വർദ്ധനവ് ഉണ്ടാകും.
സെലക്ടീവ് ടാക്സ് അഥവാ 'പ്രത്യേക നികുതി' അനുസരിച്ചുള്ള നിരക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെയായിരിക്കും ചുമത്തുക.
മദ്യം ,പുകയില, ഊർജ്ജ പാനീയങ്ങൾ, പന്നിയിറച്ചി ഉല്‍പ്പന്നങ്ങൾ, ശീതള പാനീയങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്കാണ് സെലക്ടീവ് ടാക്സ് ബാധകമാവുക.
ആഡംബര വാഹനങ്ങളുടെ കാര്യത്തിൽ വിലയോ എഞ്ചിനുകളുടെ നിലവാരമോ അടിസ്ഥാനമാക്കിയായിരിക്കും നികുതി ചുമത്തുക.
ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഉല്‍പ്പന്നങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾ ഇല്ലാത്ത ആഹാര പദാര്‍ഥങ്ങൾക്കും സെലക്ടീവ് ടാക്സിലൂടെ നിയന്ത്രണം നടപ്പിലാക്കും.
ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും നികുതി വർധിപ്പിക്കാൻ ഒമാൻ ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
നികുതി ചുമത്തേണ്ട ഇനങ്ങളുടെയും വസ്തുക്കളുടെയും മാനദണ്ഡങ്ങൾ സ്റ്റേറ്റ് കൗൺസിൽ ഉടൻ പ്രസിദ്ധീകരിക്കും.
2015ൽ റിയാദിൽ നടന്ന ജി സി സി സുപ്രീം കൗൺസിലിന്‍റെ 36-ാം ഉച്ചകോടിയിലാണ് സെലക്ടീവ് ടാക്സ് എന്ന സമ്പ്രദായം നിലവിൽ വരുന്നത്.
ഇതനുസരിച്ച് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം ജൂണിലും യുഎഇ ഒക്ടോബറിലും ബഹ്‌റൈൻ ഡിസംബർ മുതലും പ്രത്യേക നികുതി നടപ്പാക്കിയിരുന്നു.