യമന്‍: നാല് വര്‍ഷത്തിന് ശേഷം വീണ്ടും ബജറ്റ് അവതരിപ്പിച്ച് യമന്‍ സര്‍ക്കാര്‍. ആഭ്യന്തര യുദ്ധം മൂലമാണ് യമനില്‍ ബജറ്റ് അവതരണം മുടങ്ങിയത്.
ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം 2015ല്‍ യുദ്ധം ആരംഭിക്കുകയും ഇപ്പോഴും യുദ്ധം തുടരുകയും ചെയ്യുന്നതിനിടയ്ക്കാണ് ബജറ്റ് അവതരിപ്പിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2014 ലാണ് യമനില്‍ ഏറ്റവും ഒടുവില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
കനത്ത ആഭ്യന്തര യുദ്ധത്തിനു ശേഷം രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാകുകയും സെന്‍ട്രല്‍ ബാങ്കിന്‍റെ പൂര്‍ണ നിയന്ത്രണം ഔദ്യോഗിക സര്‍ക്കാരിന് ലഭിക്കുകയും ചെയ്തതോടെയാണ് ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
ഏകദേശം 978 ബില്ല്യന്‍ റിയാല്‍ (2.22 ബില്ല്യന്‍ ഡോളര്‍) വരുമാനവും 1.46 ട്രില്ല്യന്‍ റിയാല്‍ (3.32 ബില്ല്യന്‍ ഡോളര്‍) ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് യമന്‍ പ്രധാനമന്ത്രി അഹമദ് ബിന്‍ ദാഗിര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.