കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്ക് ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് താല്‍ക്കാലിക വിരാമം. രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഈമാസം 15ന് ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടവേള സര്‍ക്കാര്‍ അനുകൂല സംഘവും ഹൂതി വിഭാഗവും ക്രിയാത്മകമായി വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വലദുശൈഖ് അഹ്മദ് വ്യക്തമാക്കി. ഇതുവരെ നടന്ന ചര്‍ച്ചയുടെ പുരോഗതി യമനിലത്തെി തങ്ങളുടെ ആളുകള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും തുടര്‍ച ര്‍ച്ചകള്‍ക്ക് കൂടുതല്‍ സഹായകമാവുന്ന നിലപാടുകളോടെ ചര്‍ച്ചാമേശയിലേക്ക് തിരിച്ചുവരുകയും ചെയ്യുമെന്നാണ്
പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളുടെ ഫലമായി യമനിലെ സംഘര്‍ഷാവസ്ഥക്ക് അയവുവന്നിട്ടുണ്ടെന്നും ഇരുഭാഗത്തുനിന്നുമായി എഴുന്നൂറോളം തടവുകാരെ മോചിപ്പിക്കാനായത് മികച്ച നേട്ടമാണെന്നും വലദുശൈഖ് അഹ്മദ് അഭിപ്രായപ്പെട്ടു.ഏപ്രില്‍ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈറ്റില്‍ ചര്‍ച്ച തുടങ്ങിയത്. ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിഭാഗം, ഹൂതി വിഭാഗമായ അന്‍സാറുല്ല, പീപ്ള്‍സ് കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ, രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6,400 ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. രാജ്യത്ത് സുരക്ഷയും സമാധാനവും തിരികെ കൊണ്ടുവരുന്നതിനുവേണ്ടി പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണുക, സംഘര്‍ഷം അവസാനിപ്പിക്കുക തുടങ്ങിയവ നിഷ്കര്‍ഷിക്കുന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസാക്കിയ 2216ാം നമ്പര്‍ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച.