ഉന്മേഷം, ഉണർവ്, ഏകാഗ്രത എന്നിവ തൽക്ഷണം വർധിപ്പിക്കാൻ എനർജി ഡ്രിങ്കുകൾ വാങ്ങി കുടിക്കുന്നത് എല്ലാ പ്രായത്തിലുള്ളവരും ശീലമാക്കിയിരിക്കുകയാണ്. നിമിഷനേരത്തേക്ക് ക്ഷീണമകറ്റാനായി പലരും കുടിക്കുന്ന ഈ പാനീയങ്ങൾ തകർക്കുന്നത് തങ്ങളുടെ ആരോഗ്യമാണെന്ന് പലരും അറിയുന്നില്ല എന്നതാണ് വാസ്തവം.
മിക്കവാറും എല്ലാ എനർജി ഡ്രിങ്കുകളിലും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിന് വലിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.
എനർജി ഡ്രിങ്കുകളിലെ ഉയർന്ന പഞ്ചസാരയുടെ അളവ് അമിതവണ്ണത്തിനും ടൈപ്പ്-2 പ്രമേഹത്തിനും സാധ്യത വർധിപ്പിക്കും. എനർജി ഡ്രിങ്കുകൾ നിങ്ങളുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാം. ഇതിലടങ്ങിയിരിക്കുന്ന അമിത പഞ്ചസാര പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു.
എനർജി ഡ്രിങ്കുകൾ പതിവായി കഴിക്കുന്നവരിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, തലക്കറക്കം, നിർജ്ജലീകരണം എന്നിവയുണ്ടാകും. പാനീയത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കഫീൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.
എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിക്കുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ അമിതമായി അടങ്ങിയിരിക്കുന്ന കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവയാണ് ഇതിന് പിന്നില്‍.
അമിതമായി എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഉയർന്ന രക്ത സമ്മര്‍ദ്ദത്തിന് കാരണമാകുകയും അത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നീ രോഗങ്ങൾ വരുന്നതിനുള്ള സാധ്യത വർധിപ്പിക്കും.
എനര്‍ജി ഡ്രിങ്കുകള്‍ പതിവാക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ കരളിനെ തന്നെയാണ് ഇല്ലാതെയാക്കുന്നത്. ഇതിൻ്റെ അമിത ഉപയോഗം മൂലം കരൾ ക്ഷതം, കരൾ വീക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരൾ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.