കശ്മീർ ടൈഗേഴ്സ് എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണ് രാഹുൽ ഭട്ടിനെ വധിച്ചതെന്നാണ് പോലീസ് പറയുന്നത്. ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ബഡ്ഗാം ജില്ലയിൽ സർക്കാർ ജീവനക്കാരനായ രാഹുൽ ഭട്ടിനെ ഭീകരർ ഓഫീസിൽ കയറി വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
തഹസിൽദാർ ഓഫീസിൽ കയറിയാണ് ക്ലാർക്കായ രാഹുൽ ഭട്ടിനെ (35) ഭീകരർ കൊലപ്പെടുത്തിയത്.
കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനാണ് മരിച്ച രാഹുൽ ഭട്ട്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് തങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പണ്ഡിറ്റുകളുടെ ആവശ്യം.
ശ്രീനഗറിലെ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
ബഡ്ഗാമിലും അനന്ത്നാഗിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തങ്ങളോട് സംസാരിക്കാൻ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.