കുട്ടികളിൽ കണ്ടുവരുന്ന ഒരു പനിയാണ് തക്കാലിപ്പനി. മഴക്കാലം ആയതിനാൽ നിലവിൽ കുട്ടികളിൽ ഇത് കൂടുതലായി കണ്ടുവരുന്ന സാഹചര്യമാണുള്ളത്. ചര്‍മത്തില്‍ ചുവന്ന തടിപ്പുകള്‍ വരുന്നതാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണം. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് തക്കാളിപ്പനിക്കും. എന്നാൽ ചിക്കന്‍ പോക്‌സിന്റെ അത്രയും നീണ്ട കാലയളവ് ഇതിനില്ല. ഈ സാഹചര്യത്തിൽ കുട്ടികള്‍ക്ക് ഈ രോഗം വരാതെ തടയുന്നതിന് മുന്‍കരുതലുകളെടുക്കാം.
തക്കാളിപ്പനി വന്ന് കഴിഞ്ഞാൽ പനിയും ക്ഷീണവുമെല്ലാം ഉണ്ടാകും. ശരീരവേദനയും വായില്‍ പോളങ്ങള്‍ രൂപപ്പെടുന്നതും ഈ പനിയുടെ ലക്ഷണമാണ്. സാധാരണ പനി വരുമ്പോൾ ഉള്ളത് പോലെ തന്നെ കഫക്കെട്ടും തുമ്മലും മൂക്കൊലിപ്പുമെല്ലാം തക്കാളിപ്പനി വരുമ്പോഴും ഉണ്ടാകും. ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കയ്യിലും കാലിലും വായിലും ആണ് പോളങ്ങള്‍ രൂപപ്പെടുന്നത്. ഇത് പകര്‍ച്ചവ്യാധിയുമാണ്.
വൈറസാണ് തക്കാളിപ്പനിക്ക് കാരണം. വായിൽ പോളങ്ങളുണ്ടാകുമ്പോൾ കുട്ടികൾക്ക് കഴിയ്ക്കാനും കുടിയ്ക്കാനുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പോളങ്ങൾ വരുന്ന ഭാഗത്ത് ചൊറിച്ചിലുണ്ടാകാാൻ സാധ്യതയുണ്ട്. ഇത് ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ വന്നാൽ കാര്യം കൂടുതല്‍ ഗുരുതരമാകും. കുട്ടിയുടെ ശുചിത്വ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിപ്പിക്കണം. കൈകള്‍ നല്ലതു പോലെ കഴുകി ശുചിയാക്കി വയ്ക്കണം. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം ഒഴിവാക്കണം. കുട്ടികള്‍ ഉപയോഗിക്കുന്ന കിടക്കയും കളിപ്പാട്ടങ്ങളുമെല്ലാം അണുവിമുക്തമാക്കണം.
തക്കാളിപ്പനി മഴക്കാലത്ത് കൂടുതലായി വരുന്നതിനാൽ മഴക്കാല ശുചിത്വം പ്രധാനമാണ്. ശരീരത്തിൽ ചുവന്ന തടിപ്പുകള്‍ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നല്‍കണം. ശരീരത്തിലെ ചൊറിച്ചില്‍ കുറയ്ക്കാന്‍ തുളസി, ആര്യവേപ്പില എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുട്ടികളെ കുളിപ്പിക്കാം. മഞ്ഞള്‍, ആര്യവേപ്പില എന്നിവ അരച്ചിടുകയും ചെയ്യാം. പോളങ്ങളില്‍ അണുബാധയുണ്ടാക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചാൽ കുട്ടിയെ പൊതു ഇടങ്ങളില്‍ വിടാതിരിക്കുക.