കൊളംബോ : പുറത്തേറ്റ പരിക്കിനെ തുടർന്ന് പാകിസ്താനെതിരെയുള്ള സൂപ്പർ ഫോർ മത്സരത്തിൽ നിന്നും മാറി നിന്ന ഇന്ത്യയുടെ മധ്യനിര താരം ശ്രെയസ് അയ്യർ ഏഷ്യ കപ്പ് ടൂർണമെന്റിന്റെ പുറത്തേക്ക്. പാകിസ്താനെതിരെയുള്ള മത്സരത്തിന് പുറമെ ഇന്ന് നടക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യൻ ടീമിലും മധ്യനിര താരത്തെ ഉൾപ്പെടുത്തിയില്ല. അതേസമയം താരത്തിന്റെ പരിക്കിനെ കുറിച്ച വ്യക്തമായ ചിത്രം ടീം മാനേജ്മെന്റ് നൽകിട്ടില്ല. ലോകകപ്പിനായി ഒരു മുൻകരുതൽ പോലെ താരത്തെ മാറ്റി നിർത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ താരം ബിസിസിഐയുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ഇതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുമുള്ള പ്രത്യേക സ്റ്റാഫും കൊളംബോയിൽ ടീം മാനേജ്മെന്റിനൊപ്പം ചേർന്നിട്ടുണ്ട്.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ ലങ്കയ്ക്കെതിരെ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ പ്രവേശനം ഉറപ്പിക്കാം. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിങ്ങനെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവൻ.
ശ്രീലങ്കയുടെ പ്ലേയിങ് ഇലവൻ - പാതും നിസ്സാങ്ക, ദിമുത്ത് കരുണരത്ന, കുശാൻ മെൻഡിസ്, സദീര സമാരവിക്രാമാ, ചാരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദാസുൺ ഷാനക, ദുനിത് വെല്ലലാഗെ, മഹീഷ തീക്ഷണ, കാസുൺ രജിത, മതീഷ പതിരണ.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പാകിസ്താനെതിരായ ആദ്യ മത്സരത്തിനിടെ മഴ വില്ലാനായതോടെ മത്സരം റിസര്‍വ് ഡേയിലേയ്ക്ക് മാറ്റിയിരുന്നു. ഇതോടെ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ചയിലേയ്ക്ക് നീണ്ടു. പാകിസ്താനെതിരായ മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും ഫോമിലേയ്ക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കുന്നുണ്ട്. വിരാട് കോഹ്ലി പാകിസ്താനെതിരെ സെഞ്ച്വറി അടിച്ച് ഫോം തെളിയിച്ചു കഴിഞ്ഞു. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി ടീമിലെത്തിയ കെ.എല്‍ രാഹുലും സെഞ്ച്വറിയോടെയാണ് വരവറിയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പാകിസ്താനെതിരെ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് അടിച്ചു കൂട്ടിയത്. പേരുകേട്ട പാക് ബൗളര്‍മാരെല്ലാം ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിന്റെ ചൂടറിഞ്ഞു. മറുപടി ബാറ്റിംഗില്‍ പാക് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 8 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...