ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്. പി.വി സിന്ധു, സൈന നെഹ്വാള്, എച്ച്.എസ് പ്രണോയ് എന്നിവര്‍ ഹോങ്കോങ് ഓപ്പണിലെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം, വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പയും എന്‍.സിക്കി റെഡ്ഢിയും ആദ്യ റൗണ്ടില്‍ പുറത്തായി.
രണ്ടാം സീഡായ സിന്ധു, ഹോങ്കോങിന്റെ ല്യുംഗ് യുവറ്റ് യീയെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 21-18, 21-10. ഡെന്മാര്ക്കിന്റെ മെറ്റെ പോള്‍സണെ വാശിയേറിയ പോരാട്ടത്തില്‍ തകര്‍ത്ത് സൈനയും വിജയക്കുതിപ്പ് നടത്തി. സ്കോര്‍: 21-19, 23-21
പുരുഷ സിംഗിള്‍സില്‍ ഹോങ്കോങ് താരത്തെ ഒരു മണിക്കൂര്‍ നീണ്ട മത്സരത്തിന് ഒടുവിലാണ് പ്രണോയ് തോല്‍പ്പിച്ചത്. ആദ്യ റൗണ്ട് നഷ്ടപ്പെട്ട പ്രണോയ് മികച്ച തിരിച്ചു വരവ് നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 19-21, 21-17, 21-15