ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലെ വെനസ്വേല-മെക്‌സികോ മത്സരം സമനിലയില്‍. നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഗ്രൂപ്പ് സിയിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മെക്‌സികോയും വെനസ്വേലയും ഏഴു പോയിന്റുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയ മെക്‌സിക്കോയാണു ഗ്രൂപ്പ് ജേതാക്കള്‍.മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് മെക്സികോയെ തുണച്ചത്.
10ാം മിനിട്ടിൽ ജോസ് വെലസ്ക്വോസാണ് വെനിസ്വേലയുടെ ഏക ഗോൾ നേടിയത്. ക്രിസ്റ്റ്യൻ സാന്‍റോസ് നൽകിയ ഹെഡർ പാസിൽ മധ്യഭാഗത്ത് നിന്ന് വെലസ്ക്വോസാ തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്.80ാം മിനിട്ടിൽ മെക്സികോയുടെ ജീസസ് മാനുവൽ കൊറോണ അതിമനോഹരമായ ബൈസിക്ക്ൾ കിക്കിലൂടെയാണ് വെനിസ്വേല വല ചലിപ്പിച്ചത്. ഇടതു ഭാഗത്ത് നിന്ന് മിഗ്വൽ ലയോൺ നൽകിയ പാസ് കൊറോണ ഗോളാക്കുകയായിരുന്നു. ഒറ്റക്ക് മുന്നേറി അഞ്ച് പ്രതിരോധക്കാരെ മറികടന്നായിരുന്നു ഗോൾ.
അതേ സമയം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ഉറുഗ്വെക്ക് ജമൈക്കക്കെതിരെ ആശ്വാസ ജയം. അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമൈക്കയെ തോൽപിച്ചത്.21ാം മിനിട്ടിൽ ആബേൽ ഹെർണാണ്ടസും 883ം മിനിട്ടിൽ മതിയാസ് കൊറൂജയും ഉറുഗ്വെക്കായി ഗോൾ നേടിയത്. ഒരു ഗോൾ ജമൈക്കൻ ഡിഫൻഡർ ജെവാഗൻ വാട്സന്‍റെ വകയാണ്. വാട്സന്‍റെ കൈയിൽ തട്ടിയ പന്ത് ജമൈക്കൻ വലയിൽ പതിക്കുകയായിരുന്നു.സൂപ്പർ താരം ലൂയി സുവാരസിനെ പുറത്തിരുത്തിയാണ് ഉറുഗ്വെ ടീം ഇത്തവണയും കളത്തിലിറങ്ങിയത്.