ആറ് വർഷത്തെ ബ്ലാസ്റ്റേഴ്സുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ച് മലയാളികുടെ സ്വന്തം സഹൽ അബ്ദുൽ സമദ് തന്റെ പുതിയ ക്ലബിലേക്ക് ചേക്കേറിയിരിക്കുകയാണ്. നാളുകളായി നീണ്ട് നിന്ന അഭ്യുഹങ്ങൾക്ക് ഇന്ന് ജൂലൈ 14ന് ഇരു ക്ലബുകളും അവസാനം കുറിക്കുകയായിരുന്നു. തങ്ങളുടെ ഒരു താരത്തെ വിട്ട് നൽകിയും വെളിപ്പെടുത്താത്ത് ട്രാൻസ്ഫർ തുക കേരള ബ്ലാസ്റ്റേഴ്സിന് നൽകിയുമാണ് ഇന്ത്യൻ മധ്യനിര താരത്തെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഇന്ത്യൻ പ്രതിരോധ താരവും ബഗാന്റെ നായകനുമായിരുന്ന പ്രീതം കോട്ടാലിനെ ഈ ട്രാൻസ്ഫർ ഡീലിലൂടെ സ്വന്തമാക്കിയതിനോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ഏകദേശം ഒരു കോടി രൂപയ്ക്ക് അടുത്ത നേടുകയും ചെയ്തു.
ഒരു താരത്തെ വിട്ട് നൽകിയും 90 ലക്ഷം രൂപയും ട്രാൻസ്ഫർ തുകയായി നൽകിയുമാണ് സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കിയരിക്കുന്നതെന്നാണ് ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റ് പോർട്ടലുകൾ നൽകുന്ന സൂചന. എന്നാൽ വാർത്തകളിൽ സഹലിന് പ്രതിഫലമായി 90 ലക്ഷം രൂപ നൽകിയെന്ന മാനത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. സത്യത്തിൽ സഹലിന് ഈ ഡീലിൽ ഒരു രൂപ പോലും ലഭിക്കില്ല. ട്രാൻസ്ഫർ ഡീലിൽ പണം ഉണ്ടാക്കിയത് കേരള ബ്ലാസ്റ്റേഴ്സാണ്.
അപ്പോൾ സഹലിന് ഈ ഡീലിൽ എന്ത് കിട്ടി?
ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ 2.5 കോടി മൂല്യമുള്ള താരമാണ് സഹൽ അബ്ദുൽ സമദ്. 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറിലുള്ള മലയാളി താരത്തെ സ്വന്തമാക്കണമെങ്കിൽ, മറ്റ് ടീമുകൾ പണം നൽകേണ്ടത് കേരള ബ്ലാസ്റ്റേഴ്സിനാണ്. ഫുട്ബോൾ ട്രാൻസ്ഫറിൽ ഒരു താരം ടീം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മറിച്ച് ഒരു ക്ലബ് തങ്ങളുടെ താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വാങ്ങാൻ താൽപര്യപ്പെടുന്ന ടീം ആദ്യം ബന്ധപ്പെടുക ആ താരത്തെയാകും. തുടർന്ന് വാങ്ങാൻ താൽപര്യപ്പെടുന്ന ടീം താരത്തോടെ തങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വ്യക്തമാക്കുകയും അവർ തമ്മിൽ ഒരു ധാരണയിൽ എത്തുകയും ചെയ്യും. തുടർന്ന് രണ്ടാം ഘട്ടം എന്ന പോലെ വാങ്ങാൻ ആഗ്രഹിക്കുന്ന ടീം വിൽക്കാൻ ഒരുങ്ങുന്ന ക്ലബമായി ചർച്ച നടത്തും. ഇതിലൂടെ കരാറിലുള്ള താരത്തെ വിട്ട് നൽകാൻ ഒരു ധാരണ ഇരു ടീമുകൾ തമ്മിൽ ഉണ്ടാകും. ആ ധാരണയിലാണ് ട്രാൻസ്ഫർ തുക എത്രയാണെന്ന് നിശ്ചയിക്കുക.
അതായത് മോഹൻ ബഗാൻ ആദ്യ ചർച്ച നടത്തുക സഹലുമായിട്ടാണ്. അവർ തമ്മിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ധാരണയായതിന് ശേഷ ബംഗാൾ ക്ലബ് പ്രതിനിധികൾ ബ്ലാസ്റ്റേഴ്സുമായി കൂടിക്കാഴ്ച നടത്തും. അതിൽ ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെക്കുന്ന പല ആവശ്യങ്ങളും അംഗീകരിച്ച് ഒരു ധാരണയിലാകുമ്പോഴാണ് സഹലിന്റെ ട്രാൻസ്ഫറിന് അന്തിമ ചിത്രമാകുന്നത്. എന്നാൽ ഈ ട്രാൻസ്ഫർ ധാരണയിൽ എന്തെങ്കിലും പണമിടപാട് ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു രൂപ പോലും സഹലിന് ലഭിക്കില്ല. സഹലിന് ഈ ഡീലിൽ ആകെ ലഭിക്കുക ട്രാൻസ്ഫർ ചർച്ചയിലെ ആദ്യ ഘട്ടത്തിൽ സഹലും ബഗാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാത്രമാണ്.
എന്നാൽ ഫ്രീ ഏജന്റായി നിൽക്കുന്ന ഒരു താരത്തെ സ്വന്തമാക്കുകയാണെങ്കിൽ ഒരിക്കലും മുൻ ക്ലബിന് ട്രാൻസ്ഫർ തുക ലഭിക്കില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നാസർ ക്ലബ് സ്വന്തമാക്കിയപ്പോൾ ഒരു രൂപ (യൂറോ) പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചില്ല. അതുകൊണ്ടാണ് ഫ്രീ ഏജന്റ് താരങ്ങളെ സ്വന്തമാക്കുന്ന സൌദി ക്ലബുകൾ വാരിക്കോരി പ്രതിഫലം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...