ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഏകദിനത്തിൽ ബംഗ്ലാദേശിനോട് തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യ ആദ്യ ടെസ്റ്റിലൂടെ അതിന് മറുപടി നൽകി. 188 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ത്തിന്റെ ലീഡെടുത്തു. 513 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 324 റണ്‍സില്‍ അവസാനിപ്പിക്കുന്നതിൽ ഇന്ത്യൻ ബോളർമാർ വിജയിച്ചു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം മത്സരം ആരംഭിച്ചത്. 324 റൺസിലേക്ക് എത്തിയപ്പോഴേക്കും ടീമിന് ശേഷിച്ച നാല് വിക്കറ്റും നഷ്ടമായി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അക്സർ പട്ടേൽ നാല് വിക്കറ്റും കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുകൾ നേടി.
അരങ്ങേറ്റ ടെസ്റ്റില്‍ ഓപ്പണർ സാകിർ ഹസൻ (100) സെഞ്ചുറി നേടി. സഹ ഓപ്പണര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 67 റൺസും എടുത്ത് ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയെങ്കിലും വിജയത്തിലേക്കെത്താൻ സാധിച്ചില്ല. 124 റണ്‍സാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് ക്യാപ്റ്റന്‍ ഷക്കീബുല്‍ ഹസ്സൻ അര്‍ധ സെഞ്ചുറി നേടി. 108 പന്തില്‍ ആറ് ഫോറും 6 സിക്‌സുമായി 84 റണ്‍സാണ് ഷക്കീബുല്‍ ഹസ്സന്‍ നേടിയത്. എന്നാല്‍ പിന്നീട് വന്ന ബാറ്റർമാർക്ക് ആർക്കും മികവിലേക്ക് ഉയരാനായില്ല.
254 റണ്‍സിന്റെ കൂറ്റന്‍ ലീഡുമായാണ് ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാമിന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്കായി സെഞ്ചുറി നേടി. ആദ്യ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, അശ്വിന്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. പൂജാര 203 പന്തില്‍ 90 റണ്‍സ് നേടിയപ്പോൾ ശ്രേയസ് 86 റണ്‍സും അശ്വിന്‍ 58 റണ്‍സും നേടി. 46 റണ്‍സോടെ ഋഷഭ് പന്തും 40 റണ്‍സോടെ കുല്‍ദീപ് യാദവും മികച്ച പ്രകടനം കാഴ്ച വെച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്. 55.5 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായ ബംഗ്ലാദേശിന്റെ ടോപ് സ്കോറർ 28 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ്. അഞ്ച് ബാറ്റര്‍മാര്‍ രണ്ടക്കം പോലും കാണാതെ മടങ്ങി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...