ഐപിഎല്‍ 2019: ആദ്യ ജയം തേടി ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും

ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് ഈ രണ്ട് ടീമുകള്‍ മാത്രം.   

Last Updated : Apr 2, 2019, 04:23 PM IST
ഐപിഎല്‍ 2019: ആദ്യ ജയം തേടി ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും

ജയ്പൂര്‍: പരാജയ പരമ്പരയ്ക്ക് അറുതിവരുത്താന്‍ ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും. സീസണിലെ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്. രാത്രി എട്ടുമണിക്ക് ജയ്‌പൂരില്‍ ആണ് മത്സരം.

ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് ഈ രണ്ട് ടീമുകള്‍ മാത്രം. കളത്തിലിറങ്ങിയ മൂന്ന് വട്ടവും തലകുനിച്ച് മടങ്ങേണ്ടി വന്നു ഇരുടീമുകള്‍ക്കും. പഞ്ചാബിനും ഹൈദരാബാദിനും ചെന്നൈക്കും എതിരെ  ജയസാധ്യതയുണ്ടായിട്ടും നിര്‍ണായക അവസരങ്ങളില്‍ കളി മറന്നവരാണ് രാജസ്ഥാന്‍ റോയൽസ്.

ഓപ്പണറായി ഇറങ്ങുന്ന നായകന്‍ രഹാനെ ടീമിന് ബാധ്യതയെന്ന് കരുതുന്നവരും കുറവല്ല. മൂന്നാം നമ്പറിലെത്തുന്ന സഞ്ജു സാംസണിൽ ടീമിന് പ്രതീക്ഷകള്‍ ഏറെയുണ്ട്.  അതുപോലെ മറുവശത്ത് താരത്തിളക്കത്തിൽ മുന്നിലെങ്കിലും പിച്ചിൽ പതറുന്ന പതിവ് ദുരന്തം ആവര്‍ത്തിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്.

ഡിവിലിയേഴ്സും കോലിയും ഹെറ്റ്മയറും അടങ്ങുന്ന ബാറ്റിംഗ് നിര പിഴവുകള്‍ തിരുത്തിയാൽ രാജസ്ഥാന് പിടിച്ചുകെട്ടാനാകില്ല. എന്തായാലും നാലാം തോൽവി പ്ലേ ഓഫ് സാധ്യതകള്‍ പരുങ്ങലിലാക്കുമെന്നതു കൊണ്ടെങ്കിലും റോയൽസ് ഉണരുമെന്ന് കരുതാം.

Trending News