ന്യൂഡൽഹി: നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും (Ipl 2021) നേർക്കുനേർ മത്സരിക്കാൻ ഒരുങ്ങുന്നു. വൈകീട്ട് 3.30ന് ഡൽഹിയിലാണ് മത്സരം. ഇരു ടീമിനും അഞ്ചിൽ രണ്ട് മത്സരമേ ജയിക്കാൻ സാധിച്ചുളളൂ. അതിനാൽ നാളത്തെ മത്സരം തീർത്തും നിർണായകമാണ്.
ഈ സീസണിൽ നിലവിലെ പട്ടിക അനുസരിച്ച് മുംബൈ (Mumbai Indians) നാലാം സ്ഥാനത്തുണ്ടെങ്കിലും പ്രതീക്ഷക്കൊത്തുയരാൻ ടീമിന് സാധിച്ചിട്ടില്ല. മറുവശത്തുളള രാജസ്ഥാന്റെ അവസ്ഥയും ഇതുപോലെ തന്നെ. നായകൻ സഞ്ജു സാംസൺ സെഞ്ച്വറി നേട്ടത്തോടെ മത്സരിച്ചെങ്കിലും ടോട്ടൽ ടീം എന്ന നിലയിൽ മികവുറ്റ പ്രകടനം നടത്താൻ രാജസ്ഥാനും കഴിഞ്ഞില്ല. നിലവിലെ കണക്കനുസരിച്ച് ഇപ്പോൾ ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ.
ALSO READ : PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം
ബാറ്റ്‌സ്മാൻമാരുടെ മോശം പ്രകടനമാണ് ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ പ്രധാന പ്രശ്‌നം. മധ്യനിരയിലുളള ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവർ ഫോമിലേക്ക് ഉയരാത്തത് വലിയ പ്രതിസന്ധിയാണ് ടീമിന് ഉണ്ടാക്കിയിട്ടുളളത്. ഹാട്രിക് നേട്ടം പ്രതീക്ഷിച്ച നായകൻ രോഹിത് ശർമക്കും ഇത്തവണ മികച്ച തുടക്കമല്ലായിരുന്നു.
ഓപ്പണിങ്ങിൽ ക്വിന്റൻ ഡീകോക്കും നിരാശപ്പെടുത്തുന്നു. ഇഷാൻ കിഷനും ഇത്തവണ പ്രതീക്ഷക്കാെത്ത് തിളങ്ങാനായിട്ടില്ല. കൂട്ടത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് രോഹിത് ശർമക്കും സൂര്യകുമാർ യാദവിനുമാണ്. എന്നാൽ ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട് പേസ് കൂട്ടുകെട്ട് മികച്ച ഫോമിലാണ്.
ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി
സ്ഥിരതയില്ലാത്ത ബാറ്റിങ്ങാണ് രാജസ്ഥാന്റെയും പ്രശ്‌നം. ഓപ്പണിങ്ങ് തന്നെ ടീമിന് നിരാശയുണ്ടാക്കുന്ന പ്രകടനമാണ് കണ്ടുവരുന്നത്. നായകനായ സഞ്ജു ഉൾപ്പെടെ ഡേവിഡ് മില്ലർ, റിയാൻ പരാഗ്, ക്രിസ് മോറിസ് എന്നിവരെല്ലാം സ്ഥിരതയോടെ കളിക്കുന്നതിൽ പ്രയാസപ്പെടുന്നു. ചേതൻ സക്കറിയ, ജയദേവ് ഉനദ്ഘട്ട്, മുസ്തഫിസുർ റഹ്മാൻ എന്നിവർ പേസിൽ ഗംഭീര പ്രകടനം നടത്തുണ്ടെങ്കിലും മികച്ച സ്പിന്നറുടെ അഭാവം ടീമിലുണ്ട്.
നിലവിലെ പ്രകടനം നോക്കിയാൽ നാളത്തെ മത്സരം പ്രവചനാതീതമാണ്. കാരണം ഇരു ടീമും ഇത്തവണ മോശം ഫോമിലാണ് കളിച്ചത്. ജയം ഇത്തവണ ആർക്കൊപ്പമായിരിക്കും എന്ന കാര്യത്തിൽ ആരാധകരും ആശങ്കയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...