പൂനെ : ഐപിഎൽ 2022 സീസൺ ആരംഭിക്കും മുമ്പ് ഏറ്റവും പ്രതീക്ഷയുള്ള ക്യാപ്റ്റൻമാരിൽ മുൻനിരയിൽ നിന്നത് രോഹിത് ശർമ്മയായിരുന്നു. ശക്തനായ നായകന് കീഴിലുള്ള ടീം ഇന്ത്യയുടെ തുടർച്ചയായ നേട്ടങ്ങളായിരുന്നു ഇതിന് ബലം പകർന്നിരുന്നു. എന്നാൽ ആദ്യ മത്സരം മുതൽ ഇന്ത്യയുടെ ഹിറ്റ്മാന് താളംതെറ്റി, ഒപ്പം മുംബൈ ഇന്ത്യൻസിനും.
എറ്റവും ഒടുവിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലൂടെ മൂന്നാം പരാജയവും ഏറ്റുവാങ്ങി നിൽക്കുമ്പോൾ നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് മുംബൈയുടെ ക്യാപ്റ്റൻ. 12 പന്തില്‍ വെറും മൂന്ന് റണ്‍സിനായിരുന്നു കെകെആറിനെതിരെയുള്ള മത്സരത്തിലെ രോഹിത്തിന്റെ സമ്പാദ്യം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റയക്ക സംഖ്യയില്‍ പുറത്തായ ബാറ്റര്‍ എന്ന നാണക്കേട് ഇനി രോഹിത്തിനൊപ്പം സ്വന്തം.
എന്നാൽ ആ കണക്കോ? പത്തോ ഇരുപതോ അല്ല! 61-ാം തവണയാണ് 'ഹിറ്റ്മാൻ' ഒറ്റയക്ക സ്‌കോറുമായി ഐപിഎല്ലിൽ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നിട്ടുള്ളത്. 60 തവണ ഒറ്റയക്ക സ്‌കോറിന് പുറത്തായ ദിനേശ് കാര്‍ത്തിക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മിസ്റ്റർ ഐപിഎൽ സുരേഷ് റെയ്നയാണ് മൂന്നാം സ്ഥാനക്കാരൻ.
ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ട് തുടങ്ങറാണ് പതിവെങ്കിലും തോറ്റുകൊണ്ട് തന്നെ തുടരുന്നതിൽ ആരാധകരും നിരാശയിലാണ് . ക്രീസിൽ തുടരാനാവാതെ മോശം ഫോമിലാണ് അഞ്ച് തവണ ഐപിഎൽ കപ്പ് ഉയർത്തിയ ക്യാപ്റ്റൻ. വ്യക്തിഗത പ്രകടനത്തിനൊപ്പം മുംബൈയുടെ തുടർച്ചയായ തോൽവികളിലും അസ്വസ്ഥനാണ് രോഹിത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.