ഐപിഎല്ലിൽ ഇന്ന് ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്കും കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹിക്കും ഇന്ന് വിജയം അനിവാര്യമാണ്. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
പോയിൻറ് പട്ടികയിൽ ഇനിയും അക്കൌണ്ട് തുറന്നിട്ടില്ലാത്ത രണ്ട് ടീമുകളാണ് മുംബൈയും ഡൽഹിയും. പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവം നികത്താൻ കെൽപ്പുള്ള ജോഫ്ര ആർച്ചറിന് റോയൽ ചലഞ്ചേഴ് ബെംഗളൂരുവിന് എതിരായ ആദ്യ മത്സരത്തിൽ തന്നെ കൈമുട്ടിന് വേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ രണ്ടാം മത്സരത്തിൽ ആർച്ചർക്ക് വിശ്രമം അനുവദിച്ചിരുന്നു. 2022ൽ നടന്ന ലേലത്തിൽ 8 കോടി രൂപയ്ക്കാണ് മുംബൈ ആർച്ചറെ സ്വന്തമാക്കിയത്.
ALSO READ: റാഷിദ് ഖാൻറെ ഹാട്രിക് പാഴായി, കൈവിട്ട കളി തിരിച്ചുപിടിച്ച് റിങ്കു സിംഗ്; വിശ്വസിക്കാനാകാതെ ഗുജറാത്ത്
പരിക്കിനെ തുടർന്ന് ആർച്ചറിന് കഴിഞ്ഞ സീസൺ പൂർണമായും നഷ്ടമായിരുന്നു. മുമ്പും ആർച്ചറിന് കൈമുട്ടിന് പരിക്കേറ്റ ചരിത്രമുള്ളതിനാൽ താരത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ മുംബൈ ശ്രമിച്ചേക്കില്ല. ആർച്ചറിന് വിശ്രമം അനുവദിച്ചാൽ പേസർ ജേസൺ ബെഹ്‌റൻഡോർഫിന് അവസരം ലഭിച്ചേക്കും. സന്ദീപ് വാര്യരാകും ബെഹ്‌റൻഡോർഫിനൊപ്പം മുംബൈയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക. കുമാർ കാർത്തികേയ, പീയുഷ ചൌള, ഹൃത്വിക് ഷോക്കീൻ എന്നിവരാകും സ്പിന്നർമാരുടെ റോളിലെത്തുക.
മുംബൈയെ അപേക്ഷിച്ച് ഡൽഹിയുടെ ബൌളിംഗ് നിര കൂടുതൽ ശക്തമാണ്. പേസർ ഖലീൽ അഹമ്മദ് പരിക്കേറ്റ് പുറത്തുപോയെങ്കിലും ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർച്ചെ, ചേതൻ സക്കറിയ, കുൽദീപ് യാദവ് എന്നിവരിലാണ് ഡൽഹിയുടെ പ്രതീക്ഷ. തൻറെ വിവാഹ ചടങ്ങിനായി ഓൾ റൌണ്ടർ മിച്ചൽ മാർഷ് നാട്ടിലേയ്ക്ക് പോയിരുന്നു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന പൃഥ്വി ഷാ, ഡേവിഡ് വാർണർ, റിലീ റൂസോ എന്നിവരുടെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമാകും.
സാധ്യതാ ടീം
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ (c), പൃഥ്വി ഷാ, മനീഷ് പാണ്ഡെ, റിലീ റൂസോ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ (wk), ചേതൻ സക്കറിയ, കുൽദീപ് യാദവ്, ആൻറിച്ച് നോർച്ചെ
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ (WK), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ട്രിസ്റ്റൺ സ്റ്റബ്സ്, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, പിയുഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, സന്ദീപ് വാര്യർ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...