ഐപിഎല്ലിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻിസിംഗ് സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളം ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താമെന്നിരിക്കെ രണ്ടും കൽപ്പിച്ചാകും സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാനും ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ ഗുജറാത്തും ഇറങ്ങുന്നത്.
ALSO READ: ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് തിരിച്ചടി; കെ.എൽ രാഹുൽ ഐപിഎല്ലിൽ നിന്നും പുറത്ത്
നിലവിൽ 9 മത്സരങ്ങളിൽ 6 എണ്ണത്തിലും വിജയിച്ച ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 9 മത്സരങ്ങളിൽ 5 വിജയവുമായി രാജസ്ഥാൻ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ രാജസ്ഥാനും ഗുജറാത്തും 6 വിജയങ്ങളുമായി 12 പോയിന്റ് പങ്കിടും. റൺ റേറ്റിന്റെ ആനുകൂല്യത്തിൽ രാജസ്ഥാന് ഒന്നാമത് എത്താം.
ഈ സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാനായിരുന്നു ജയം. ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ഗുജറാത്തിനാണ് മുൻതൂക്കം. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഫൈനലിൽ ഉൾപ്പെടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഗുജറാത്ത് വിജയിച്ചു. ഈ സീസണിൽ ഒരു തവണ വിജയിക്കാൻ രാജസ്ഥാന് കഴിഞ്ഞു.
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനോട് അവസാന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയാണ് ഗുജറാത്ത് ഇന്ന് ഇറങ്ങുന്നത്. മറുഭാഗത്ത്, മുംബൈ ഇന്ത്യൻസിന് മുന്നിൽ അടിയറവ് പറഞ്ഞാണ് രാജസ്ഥാന്റെ വരവ്. ഇന്നത്തെ മത്സരത്തിലൂടെ വിജയ വഴിയിൽ തിരിച്ചെത്താനാകും ഇരു ടീമുകളുടെയും ശ്രമം.
മിന്നും ഫോമിലുള്ള യുവതാരം യശസ്വി ജയ്‌സ്വാളിന്റെ പ്രകടനത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ ജയ്‌സ്വാളിനെ തേടി ഇന്ന് ഒരു സുപ്രധാന നേട്ടം കാത്തിരിക്കുന്നുണ്ട്. നിലവിൽ 428 റൺസുമായി ഓറഞ്ച് ക്യാപ് റേസിൽ രണ്ടാമതുള്ള യശസ്വി ജയ്‌സ്വാളിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ 1000 റൺസ് തികയ്ക്കാൻ ഇനി 25 റൺസ് കൂടി മതി. ഇന്ന് രാത്രി ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയ്‌സ്വാളിന് ഈ നേട്ടം കൈവരിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സാധ്യതാ ടീം
രാജസ്ഥാൻ റോയൽസ്
യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ജോസ് ബട്ട്‌ലർ, എസ് വി സാംസൺ (C, WK) , ഡിസി ജൂറൽ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, സന്ദീപ് ശർമ്മ
ബെഞ്ച് : ആർ പരാഗ്, കെ എം ആസിഫ്, എൻ എ സൈനി, ഡി ഫെരേര, മുരുകൻ അശ്വിൻ, ജെ ഇ റൂട്ട്, കുനാൽ സിംഗ് റാത്തോഡ്, അബ്ദുൾ ബാസിത്ത്, എ പി വസിഷ്ഠ്, കെ സി കരിയപ്പ, ഒ സി മക്കോയ്, കെ ആർ സെൻ, കുൽദീപ് യാദവ്, എ സാമ്പ
ഗുജറാത്ത് ടൈറ്റൻസ്
ശുഭ്‌മാൻ ഗിൽ, എച്ച്‌എച്ച് പാണ്ഡ്യ (C), എ മനോഹർ, ഡി എ മില്ലർ, വിജയ് ശങ്കർ, ആർ തെവാതിയ, വൃദ്ധിമാൻ സാഹ (WK), റാഷിദ് ഖാൻ, എം ഷാമി, എം എം ശർമ, നൂർ അഹമ്മദ്
ബെഞ്ച് : കെയ്ൻ വില്യംസൺ, ജെ ലിറ്റിൽ, യഷ് ദയാൽ, അൽസാരി ജോസഫ്, സായ് സുദർശൻ, കെഎസ് ഭരത്, ജെ യാദവ്, എംഎസ് വേഡ്, ഉർവിൽ പട്ടേൽ, രവിശ്രീനിവാസൻ സായ് കിഷോർ, ഒഡിയൻ സ്മിത്ത്, ശിവം മാവി, ഡിജി നൽകണ്ടെ, ഡിജി ശങ്കവാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...