ഐപിഎല്ലിൻറെ പുതിയ സീസണ് മാർച്ച് 31ന് തുടക്കമാകുകയാണ്. ശക്തരായ താരങ്ങളെ ടീമിൽ എത്തിച്ചും നിലനിർത്തിയും ഫ്രാഞ്ചൈസികൾ പരിശീലന സെഷനുമായി മുന്നോട്ടു പോകുകയാണ്. ഇപ്പോൾ ഇതാ ഐപിഎൽ വീണ്ടും മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. ഇംപാക്ട് പ്ലെയറിന് പിന്നാലെ ടോസിംഗുമായി ബന്ധപ്പെട്ട പുതിയ നിയമമാണ് വരുന്നത്.
ഇനി മുതൽ ടോസിന് ശേഷം മാത്രമെ ടീമുകൾക്ക് അവരുടെ പ്ലേയിംഗ് ഇലവനെ വെളിപ്പെടുത്താൻ സാധിക്കുകയുള്ളൂ. രണ്ട് ടീം ഷീറ്റ് തയ്യാറാക്കുന്നതിൽ അവയിൽ ഏത് ടീമിനെ കളത്തിലിറക്കണമെന്ന് ടോസിന് ശേഷം തീരുമാനിക്കാനുള്ള അവസരമാണ് ഇതോടെ ക്യാപ്റ്റൻമാർക്ക് ലഭിക്കുക. ആദ്യം ബൌളിംഗാണോ ബാറ്റിംഗാണോ എന്ന് അറിഞ്ഞ ശേഷം അതിന് അനുയോജ്യമായ ടീമിനെ ഇറക്കാൻ കഴിയുമെന്നതാണ് സവിശേഷത. ഇംപാക്ട് പ്ലെയറിന് അനുയോജ്യമായ പദ്ധതികളും ഇതോടെ തയ്യാറാക്കാൻ കഴിയും.
ALSO READ: ഇത്തവണ തീ പാറും; റോയൽസ് ക്യാമ്പിൽ കൂറ്റൻ സിക്സറുകൾ പറത്തി സഞ്ജുവിൻ്റെ പരിശീലനം, വീഡിയോ
ഐപിഎൽ ഭരണ സമിതി പുതിയ നിയമവുമായി ബന്ധപ്പെട്ട വിവരം 10 ഫ്രാഞ്ചൈസികൾക്കും കൈമാറി കഴിഞ്ഞതായി ഇഎസ്പിൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിന് മുമ്പ് തന്നെ ഇതേ നിയമം SA 20 ലീഗിൽ (സൌത്ത് ആഫ്രിക്കൻ ടി20 ലീഗ്) അവതരിപ്പിച്ചിരുന്നു. 13 അംഗ ടീം ലിസ്റ്റുമായി ടോസിന് എത്തുന്ന നായകൻമാർ ടോസിന് ശേഷം അന്തിമ ടീം പ്രഖ്യാപിക്കുകയാണ് ചെയ്യുക.
മാർച്ച് 31ന് തുടക്കമാകുന്ന ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. പുതിയ മാറ്റങ്ങൾ ഐപിഎല്ലിനെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ മത്സരത്തോടെ വ്യക്തമാകും.
അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർക്ക് ഐപിഎൽ 2023 സീസൺ മുഴുവൻ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്. പുറത്ത് പരിക്കേറ്റ ശ്രേയസിന് ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയും നഷ്ടമായിരുന്നു. ശ്രേയസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും നാല് മുതൽ അഞ്ച് മാസങ്ങൾ വരെ വിശ്രമം വേണ്ടി വരുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...