ഐപിഎല്ലിൻ്റെ 16-ാം സീസൺ ആരംഭിക്കാൻ ഇനി വെറും രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ ടീമുകളും വാശിയേറിയ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടെ മുംബൈ ഇന്ത്യൻസ് ആരാധകരെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരങ്ങളിൽ നായകൻ രോഹിത് ശർമ്മ കളിക്കില്ലെന്നാണ് സൂചന. ജോലി ഭാരം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് രോഹിത് ആദ്യ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇതിന് പിന്നാലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും പൂർണമായ കായിക ക്ഷമതയോടെ പങ്കെടുക്കാൻ വിശ്രമം ആവശ്യമായ സാഹചര്യത്തിലാണ് തീരുമാനം.
ALSO READ: അയ്യർ ഈ സീസണിൽ തന്നെ തിരിച്ചെത്തുമെന്ന് കെകെആർ; അതുവരെ നിതീഷ് റാണ ടീമിനെ നയിക്കും
മുമ്പ് പരിക്ക് കാരണം ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങൾ രോഹിത് ശർമ്മയ്ക്ക് നഷ്ടമായിരുന്നു. ഐപിഎല്ലിന് പുറമെ ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ പ്രാധാന്യം രോഹിത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുവ താരങ്ങൾ ശരീരം ശ്രദ്ധിക്കണമെന്നും ശരീരത്തിന് താങ്ങാനാകുന്നില്ലെന്ന് തോന്നിയാൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ നിന്ന് ഇടവേള എടുക്കുന്ന കാര്യം പരിഗണിക്കണമെന്നും ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് ശേഷം രോഹിത് പറഞ്ഞിരുന്നു.
രോഹിത് ശർമ്മയുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് മുംബൈയെ നയിക്കും. ഏപ്രിൽ 2ന് ബംഗളൂരുവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരം. അതേസമയം, മാർച്ച് 31 നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.
16.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഇംഗ്ലണ്ടിൻ്റെ സ്റ്റാർ ഓൾ റൌണ്ടർ ബെൻ സ്റ്റോക്സ് ഇത്തവണ ചെന്നൈയ്ക്ക് വേണ്ടി പന്തെറിയില്ല. ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി മാത്രമേ സ്റ്റോക്സ് കളത്തിലിറങ്ങുകയുള്ളൂ. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ടൂർണമെന്റിൽ ബാറ്റിംഗ് മാത്രം ചെയ്യാൻ സ്റ്റോക്സ് നിർബന്ധിതനായതെന്ന് ക്രിക്കറ്റ് മാധ്യമമായ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...