ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 20 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് എടുത്തത്. 37 പന്തിൽ 46 റൺസെടുത്ത ക്വിന്‍റണ്‍ ഡി കോക്ക് , 28 പന്തിൽ 34 റൺസ് എടുത്ത ദീപക് ഹൂഡ എന്നിവരുടെ പോരാട്ട മികവിലാണ് 153 എന്ന സ്കോറിലേക്കെത്തിയത് . മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് വിജയലക്ഷ്യം കാണാനാകാതെ 8 വിക്കറ്റ് നഷ്ടത്തിൽ 133 ൽ ഒതുങ്ങുകയായിരുന്നു.
കഴിഞ്ഞസീസണിൽ പഞ്ചാബിനായി ഒറ്റയാൾ പോരാട്ടം നയിച്ച ക്യാപ്റ്റൻ കെ.എല്‍ രാഹുലിന് ലക്നൗവിനായി ബാറ്റിംഗ് മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഓപ്പണിംഗിനിറങ്ങിയ രാഹുല്‍ 11 പന്തുകളില്‍ 6 റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു . രണ്ടാം വിക്കറ്റില്‍ ഡി കോക്കിനൊപ്പം ദീപക് ഹൂഡ എത്തിയതോടെ ലക്നൗ ഇന്നിംഗ്സിന് ജീവൻ വെച്ചു. ഇരുവരും ചേർന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു .
4 ഫോറും 2 സിക്സും പറത്തിയ ഡികോക്കിനെ സന്ദീപ് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചു. 2 ഫോറും ഒരു സിക്സും പറത്തിയ ദീപക്കും അടുത്ത ഓവറില്‍ പവലിയനിലേക്ക് മടങ്ങി. തുടർന്ന് ക്രീസിലെത്തയവർ അതിവേഗം വിക്കറ്റുകൾ വലിച്ചെറിഞ്ഞു. കൃനാല്‍ പാണ്ഡ്യയുടെയും ആയുഷ് ബദോനിയുടെയും വിക്കറ്റുകൾ പിഴുതെറിഞ്ഞ കാഗിസോ റബാദ ലക്നൗവിനെ വിറപ്പിച്ചു . തുടർന്നെത്തിയവർ ചെറിയതോതിൽ നടത്തിയ ചെറുത്ത് നിൽപ്പ് സ്കോർ 153 ൽ എത്തിക്കുകയായിരുന്നു.
മറുപടി നൽകാൻ ബാറ്റുമായിറങ്ങിയ പഞ്ചാബിനെ മൊഹ്സിന്‍ ഖാനും ക്രുനാല്‍പാണ്ഡ്യയും ദുഷ്മന്ത ചമീരയും ചേര്‍ന്ന് എറിഞ്ഞൊതുക്കി .
മൊഹ്സിന്‍ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കൃനാൽ പാണ്ഡ്യയും ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റ് വീതം എറിഞ്ഞിട്ടു. 25 റൺസെടുത്ത മായാങ്ക് അഗര്‍വാള്‍ , 32 റൺസെടുത്ത ബെയര്‍സ്റ്റോ , 18 റൺസെടുത്ത ലിവിംഗ്സ്റ്റണ്‍ , 21 റൺസെടുത്ത റിഷി ധവാന്‍ എന്നിവര്‍ രണ്ടക്കം കടന്നിട്ടും കാര്യമായി സ്കോർ ഉയർത്താനായില്ല. 4 ഓവർ പന്തെറിഞ്ഞ കൃനാൽ പാണ്ഡ്യ 11 റൺസ് മാത്രം വിട്ട് കൊടുത്ത് 2 വിക്കറ്റെടുത്തു. ബാറ്റർമാരെ വട്ടം കറക്കിയ കൃനാൽ പാണ്ഡ്യ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
9 കളികളില്‍ ആറാം വിജയം നേടിയ ലക്നൗ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 5 മത്സരങ്ങൾ തോറ്റ പഞ്ചാബ് 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...