2023ലെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. പിഎസ്ജിയിലെ സഹതാരമായ കിലിയൻ എംബാപ്പെ, ടെന്നിസ് ഇതിഹാസ താരം റാഫേൽ നദാൽ, ഫോർമുല വൺ ചാമ്പ്യൻ മാക്‌സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവാൾട്ട് താരം മോൺടോ ഡുപ്ലാന്റിസ് തുടങ്ങി മികച്ച കായിക താരങ്ങളെ എല്ലാം മറികടന്നാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.
കായിക രംഗത്തെ ഓസ്‌കാർ എന്നാണ് ലോറസ് പുരസ്‌കാരം അറിയപ്പെടുന്നത്. രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം നേടുന്നത്. 2020ലും മെസി ലോറസ് പുരസ്‌കാരം നേടിയിരുന്നു. അന്ന് ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടണുമായി മെസി പുരസ്‌കാരം പങ്കിടുകയായിരുന്നു. ലോറസ് പുരസ്‌കാരം നേടുന്ന ഏക ഫുട്‌ബോൾ താരവും മെസി മാത്രമാണ് എന്നതാണ് മറ്റൊരു സവിശേഷത.
ALSO READ: പിഎസ്ജി വിടാനൊരുങ്ങി ലയണൽ മെസ്സി; ക്ലബിനെ തീരുമാനം അറിയിച്ചു
കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ അർജന്റീനയെ കിരീട നേട്ടത്തിലേയ്ക്ക് മുന്നിൽ നിന്ന് നയിച്ചത് മെസിയായിരുന്നു. ടൂർണമെന്റിലാകെ 7 ഗോളുകൾ വലയിലാക്കിയ മെസി 3 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ലോകകപ്പിൽ അർജന്റീനയുടെ ടോപ് സ്‌കോററും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവും മെസിയായിരുന്നു. മെസി തന്നെയായിരുന്നു ലോകകപ്പിലെ താരം.
ഫ്രാൻസിനെതിരെ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും (3-3) ഇരു ടീമുകളും സമനില പാലിച്ചതോടെ പെനാൾട്ടയിലേയ്ക്ക് നീങ്ങിയ മത്സരത്തിൽ എല്ലാ കിക്കുകളും വലയിലാക്കി അർജന്റീന വിജയിക്കുകയായിരുന്നു. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റീന ലോകകപ്പ് ഉയർത്തുന്നത്.
ലോകകപ്പ് നേട്ടത്തോടെ മികച്ച ടീമിനുള്ള പുരസ്‌കാരം അർജന്റീന സ്വന്തമാക്കി. അർജന്റീന ടീമിനെ പ്രതിനിധീകരിച്ച് ടീമിന്റെ നായകനായ മെസി തന്നെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതോടെ മികച്ച കായിക താരത്തിനുള്ള പുരസ്‌കാരവും ടീമിനുള്ള പുരസ്‌കാരവും ഒരേ വർഷം നേടുന്ന ആദ്യ കായിക താരമെന്ന അപൂർവ്വ റെക്കോർഡും മെസിയെ തേടി എത്തി.
'എനിക്ക് മുമ്പ് ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡ് നേടിയ ഇതിഹാസങ്ങളുടെ പേരുകൾ ഞാൻ നോക്കുകയായിരുന്നു: ഷൂമാക്കർ, വുഡ്സ്, നദാൽ, ഫെഡറർ, ബോൾട്ട്, ഹാമിൽട്ടൺ, ജോക്കോവിച്ച്.. ശരിക്കും ഞാൻ എത്രത്തോളം അവിശ്വസനീയമായ കമ്പനിയിലാണ് എത്തി നിൽക്കുന്നത്. എന്തൊരു അതുല്യമായ ബഹുമതിയാണിത്' പുരസ്‌കാര വേദിയിൽ മെസി പറഞ്ഞു.
ജമൈക്കയുടെ വേഗ റാണി എന്നറിയപ്പെടുന്ന ഷെല്ലി ആൻ ഫ്രേസറാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഹൃദയാഘാതം കാരണം യൂറോ കപ്പിൽ നിന്ന് പുറത്തായെങ്കിലും ഫുട്‌ബോളിൽ തിരിച്ചെത്തിയ ക്രിസ്റ്റൻ എറിക്‌സൺ മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം നേടി.
വിജയികളുടെ പട്ടിക
വേൾഡ് സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ്: ലയണൽ മെസി
വേൾഡ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ്: ഷെല്ലി-ആൻ ഫ്രേസർ-പ്രൈസ്
വേൾഡ് ടീം ഓഫ് ദ ഇയർ അവാർഡ്: അർജന്റീന പുരുഷ ഫുട്ബോൾ ടീം
വേൾഡ് ബ്രേക്ക്‌ത്രൂ ഓഫ് ദ ഇയർ അവാർഡ്: കാർലോസ് അൽകാരാസ്
വേൾഡ് കംബാക്ക് ഓഫ് ദി ഇയർ അവാർഡ്: ക്രിസ്റ്റ്യൻ എറിക്സൻ
വേൾഡ് സ്പോർട്സ്മാൻ ഓഫ് ദ ഇയർ വിത്ത് എ ഡിസെബിലിറ്റി അവാർഡ്: കാതറിൻ ഡിബ്രണ്ണർ
വേൾഡ് ആക്ഷൻ സ്‌പോർട്‌സ് ഓഫ് ദ ഇയർ അവാർഡ്: എലീൻ ഗു
ലോറസ് സ്‌പോർട്ട് ഫോർ ഗുഡ് അവാർഡ്: ടീംഅപ്പ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...