ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ (ബിസിസിഐ) രൂക്ഷ വിമര്‍ശനവുമായി ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത പ്രസിഡന്റ് അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുളള ബിസിസിഐയിലെ അംഗങ്ങളെ പുറത്താക്കണമെന്ന് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ ലോധ കമ്മിറ്റി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്.
പല തവണ നിര്‍ദ്ദേശം നല്‍കിയിട്ടും പാനലിന്‍റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ല. മറുപടിയില്ലാതെ വന്നതോടെ ഇ-മെയില്‍ വഴിയും ആവശ്യം ഉന്നയിച്ചു. അതിനും മറുപടി ഉണ്ടായില്ലെന്ന് പാനലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം, ബി.സി.സി.ഐയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ പരാതിയാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ബി.സി.സി.ഐയെ അനുവദിക്കില്ലെന്നും അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണ് ബിസിസിഐ സ്വീകരിക്കുന്നതെന്നും ടി.എസ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ടി.എസ് ഠാക്കൂറിന്‍റെ പരാമര്‍ശം. ഒക്ടോബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.
എന്നാല്‍, ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബി.സി.സി.ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ശേഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, നിയമം ലംഘിക്കപ്പെടരുതെന്നായിരുന്നു ഇതിനോട് സുപ്രീംകോടതിയുടെ പ്രതികരണം.
അഴിമതി തുടച്ചു കളഞ്ഞ് ക്രിക്കറ്റിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്.