കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവന്‍ പുണ്യ നഗരിയായ വാരണാസി സന്ദര്‍ശിച്ചത്.
കാശി വിശ്വാനാഥ ക്ഷേത്രത്തിലും കാല്‍ ഭൈരവ് ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയ ശിഖര്‍ ധവന്‍ (Shikhar Dhawan) ഗംഗാ നദിയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ബോട്ടുയാത്രയുടെ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അദ്ദേഹം പങ്കുവച്ച ഫോട്ടോകള്‍ വിനയായത് തുഴച്ചില്‍കാരനാണ്. തുഴച്ചില്‍ക്കാരനെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശിഖര്‍ ധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബോട്ടു യാത്രയുടെ ഫോട്ടോകളാണ് തുഴച്ചില്‍ക്കാരനെതിരെ കുടുക്കിയത്. കാരണം, പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോസും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് തുഴച്ചില്‍ക്കാരന് വിനയായി.
പക്ഷിപനി (Bird Flu) വാരാണസിയില്‍ (Varanasi) വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ സന്ദര്‍ശകര്‍ക്കായി നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബോട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ലായെന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം തുഴച്ചിലുകാര്‍ക്കും നല്‍കിയിരുന്നു. ഒപ്പം സഞ്ചാരികളെ ഈ വിവരം ബോധ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കിയിരുന്നു.
ശിഖര്‍ ധവനൊപ്പമുണ്ടായിരുന്ന തുഴച്ചില്‍ക്കാരന്‍ ഈ വിവരം ശിഖര്‍ ധവനെ അറിയിച്ചില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അതിനാലാണ് ഇയാള്‍ക്കെതിരെ നടപടി യെടുക്കുന്നത് എന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
"ചില ബോട്ടുകാര്‍ ഭരണകൂട൦ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അവരുടെ ബോട്ടുകളിലെ വിനോദസഞ്ചാരികള്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും ചില വിവരങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍, ഈ ബോട്ടുകാര്‍ക്കെതിരെ നടപടിയുണ്ടാകും. സഞ്ചാരികള്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാവുകയില്ല." കൗശല്‍ രാജ് വ്യക്തമാക്കി.
സഞ്ചാരികള്‍ക്കെതിരെ നടപടിയുണ്ടാവുകയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ബോട്ടുകരോട് വിശദീകരണം ചോദിക്കുമെന്നും ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.